Monday, November 25, 2013


മദ്ബഹ.
*******
ബലിസ്ഥലം എന്ന അർത്ഥത്തിന്റെ സുറിയാനി വാക്കാണ്‌ മദ്ബഹ ! ത്രോണോസ് (അൾത്താര) സ്ഥിതി ചെയ്യുന്ന ഉയർന്ന സ്ഥലം.ക്ദൂശ് കുദിശിൻ (അതിവിശുദ്ധ സ്ഥലം) എന്ന പേരിലും മദ്ബഹ അറിയപ്പെടുന്നു.സുറിയാനി ഓർത്തഡോക്സ് സഭയിൽ സ്വര്ഗ്ഗത്തിന്റെ പ്രതീകമാണ് മദ്ബഹ.ദൈവസൃഷ്ടികളിൽ ഒന്നാമനായ വെളിച്ചത്തിന്റെ പ്രഭവ സ്ഥാനമായ സൂര്യൻ ഉദിക്കുന്നത് കിഴക്കാണല്ലോ.വിശുദ്ധ ഗ്രന്ഥങ്ങളിൽ സൂചിപ്പിച്ചിരിക്കുന്ന മനുഷ്യന്റെ ആദി വാസസ്ഥലമായ ഏദൻ തോട്ടവും കിഴക്കാണല്ലോ(ഉൽപ്പത്തി 2:8) എദനിൽ നിന്നും ബഹിഷ്കൃതനായ മനുഷ്യൻ പറുദീസാ പ്രാപിക്കുവാൻ ആഗ്രഹിക്കുന്നു എന്നും ദൈവീക പ്രകാശത്തിലേക്ക് തിരിയുന്നു എന്നുമുള്ള അർത്ഥത്തിലാണ് കിഴക്കോട്ടു തിരിഞ്ഞു നിന്ന് പ്രാർഥിക്കുന്നത്.മറ്റേറെ പ്രാധാന്യങ്ങളും കിഴക്കിനുണ്ട്.

കർത്താവിന്റെ രണ്ടാമത്തെ വരവ് കിഴക്കുനിന്നും ആയിരിക്കുമെന്നുള്ളതുകൊണ്ടാണ് മദ്ബഹ കിഴക്കായിരിക്കണം എന്ന് പരിശുദ്ധ സഭ നിഷ്കര്ഷിക്കുന്നത്.കാരണം കർത്താവിന്റെ രണ്ടാമത്തെ വരവിനായി സഭ പ്രാർഥനയോടെ കാത്തിരിക്കുന്നു.ത്രോണോസും അതിന്റെ പരിസരങ്ങളും അവൈദീകർക്ക് അപ്രാപ്യമായ സ്ഥലങ്ങളാണ് !ആദിമ കാലങ്ങളിൽ പൂർണ്ണ ശെമ്മാശന് മുകളിലുള്ള സ്ഥാനികൾക്കേ മദ്ബഹയിൽ പ്രവേശനം ഉണ്ടായിരുന്നുള്ളൂ! ഇന്ന് എല്ലായിടത്തും ശെമ്മാശന്മാരുടെ സേവനം ഇടവകകൾക്ക് ലഭ്യമല്ലാത്തതിനാൽ അൽമായർക്ക് പ്രത്യേക അനുവാദം നൽകി മദ്ബഹ ശുശ്രൂഷകളിൽ സംബന്ധിപ്പിക്കുന്നു.

"ക്രൂബേന്മാരുടെ തേരതുപോലെ സ്ഥിരമീ-മദ്ബഹാ
സ്വർഗ്ഗത്തിൻ സേനകളുണ്ടതിനെ ചുറ്റിക്കൊണ്ട് "

വിശുദ്ധ കുർബ്ബാനയിൽ ഉപയോഗിക്കുന്ന ഈ ഗീതത്തിന്റെ അർഥവത്തായ വരികൾ മദ്ബഹായുടെ എല്ലാ വിശുദ്ധിയേയും പ്രാധാന്യത്തെയും എടുത്തു പറയുന്നു.വിശുദ്ധ ബലി അർപ്പിക്കുന്ന പുരോഹിതനേയും ശുശ്രൂഷാ ഗണങ്ങളെയും കൂടാതെ അദൃശ്യരായ സ്വർഗ്ഗീയ മാലാഖമാരും വിശുദ്ധ ബാലിയിൽ പങ്കെടുക്കുന്നു എന്നതിനാൽ ആ ശുശ്രൂഷാ എത്ര മാത്രം ഭയങ്കരമാണ് , ആ വിശുദ്ധ സ്ഥലം എത്ര മാത്രം വിശുദ്ധമാണ് എന്നത് വിശ്വാസികൾ ഇപ്പോഴും ഓർക്കേണ്ട വസ്തുതയാണ് !

:::::::::::::::::::::::: Bethel Suloko Cathedral Perumbavoor ::::::::::::

Thursday, November 21, 2013



അഞ്ചു കാലുള്ള നക്ഷത്രം ക്രൈസ്തവരുടേതല്ല! കത്തോലിക്കാസഭ അടക്കമുള്ള സകല ക്രൈസ്തവസഭകളും ചുമക്കുന്ന ഒരു തിന്മയുണ്ട്. ആരും ഗൌനിക്കാതെ ചുമന്നുനടക്കുന്ന സാത്താന്‍റെ ഈ മുദ്ര ഏതാണെന്നു നമുക്കു നോക്കാം. ക്രിസ്തുമസ് കാലത്ത് നക്ഷത്രങ്ങള്‍ തൂക്കുന്ന പതിവ് സഭാ വ്യത്യാസമില്ലാതെ ക്രൈസ്തവരുടെ ഇടയിലുണ്ട്. ക്രിസ്തുമസ്സിനെ സംബന്ധിച്ചും ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്ന കുടുംബസഭകള്‍ ഉണ്ടെന്നകാര്യം വിസ്മരിക്കുന്നില്ല! ഇത്തരം ഉദരശുശ്രൂഷാ സഭകളെ പരിഗണനയില്‍ എടുക്കാന്‍ മനോവയ്ക്കു താത്പര്യവുമില്ല! അതിനാല്‍ ഈ വിഷയം മാറ്റിവച്ചുകൊണ്ട് നമ്മുടെ ചിന്തയിലേക്കു കടക്കാം. ക്രിസ്തുമസ് കാലത്ത് വിപണിയില്‍ അനേകം തരത്തിലുള്ള നക്ഷത്രങ്ങള്‍ സുലഭമാണ്. അഞ്ചു കോണുകളില്‍ തുടങ്ങി അനേകം കോണുകളുള്ളതും വിവിധ വര്‍ണ്ണങ്ങളിലുള്ളതുമായ നക്ഷത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ടാകും. എന്നാല്‍, ആറുകോണുള്ള നക്ഷത്രങ്ങള്‍ സുലഭമല്ല! ഇതിന്‍റെ പ്രധാന കാരണം, ഇതുമാത്രമാണ് ക്രൈസ്തവരുടെ നക്ഷത്രം എന്നതുകൊണ്ടാണ്. വിപണി മുഴുവന്‍ സാത്താന്‍ കൈയ്യടക്കി എന്നതിനുള്ള തെളിവുകൂടിയാണിത്! ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ഏതു മാലിന്യവും യാതൊരു ശങ്കയുംകൂടാതെ ചുമക്കുമെന്ന്‍ സാത്താനറിയാം. ആറു കോണുള്ള നക്ഷത്രം ദാവീദിന്‍റെ മുദ്രയായതുകൊണ്ട് ഇതാണ് ക്രിസ്ത്യാനിയുടെ ഔദ്യോഗിക നക്ഷത്രം! യഹൂദരുടെ മതചിഹ്നം ആറുകോണുള്ള നക്ഷത്രമായതും ഇക്കാരണത്താലാണ്. ഇസ്രായേലിന്‍റെ രാജാവും യോദ്ധാവുമായിരുന്ന ദാവീദിന്‍റെ പരിചയില്‍ ആലേഖനം ചെയ്തിരുന്നതും ഈ മുദ്രയായിരുന്നു. രക്ഷകനായ ദൈവത്തെ കുറിക്കുന്നതാണ് ഈ ചിഹ്നം! യഹൂദരെ തിരിച്ചറിയാന്‍ നാത്സി പട്ടാളം അവരുടെമേല്‍ ചാപ്പയടിക്കുന്നത് ആറു കോണുകളുള്ള നക്ഷത്രമായിരുന്നു. ദാവീദു രാജാവിന്‍റെ പരിചയില്‍ ഈ മുദ്രയുണ്ടെങ്കില്‍, ഇവിടെ ഓര്‍ക്കാന്‍ ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനമുണ്ട്: "തന്‍റെ തൂവലുകള്‍ക്കൊണ്ട് അവിടുന്ന് നിന്നെ മറച്ചുകൊള്ളും; അവിടുത്തെ ചിറകുകളുടെകീഴില്‍ നിനക്ക് അഭയം ലഭിക്കും; അവിടുത്തെ വിശ്വസ്തത നിനക്കു കവചവും പരിചയും ആയിരിക്കും"(സങ്കീ:91;4). ഇസ്രായേലിനെ സംരക്ഷിക്കുന്ന പരിച കര്‍ത്താവായതിനാല്‍, ദാവീദിന്‍റെ പരിചയില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത് കര്‍ത്താവിന്‍റെ അടയാളമാണ്! അതുകൊണ്ടാണ്, രക്ഷകനായ ദൈവത്തെ കുറിക്കാന്‍ ഇസ്രായേല്‍ ഈ നക്ഷത്രം സ്വീകരിച്ചത്. ഇന്നും ഇസ്രായേലിന്‍റെ പതാകയില്‍ ഈ ചിഹ്നമുണ്ട്! യഹൂദരുടെ രാജാവും ഇസ്രായേലിന്‍റെ പരിശുദ്ധനുമായവന്‍ കര്‍ത്താവായ യേശുവാണ്! അവരില്‍ പലരും തിരിച്ചറിഞ്ഞില്ലെങ്കിലും ദാവീദിന്‍റെ കുറ്റിയില്‍ മുളച്ച മുള യേശുതന്നെയായിരുന്നു! ഒരു വചനം നോക്കുക: "എവിടെയാണ് യഹൂദരുടെ രാജാവായി ജനിച്ചവന്‍? ഞങ്ങള്‍ കിഴക്ക് അവന്‍റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാന്‍ വന്നിരിക്കുകയാണ്"(മത്താ:2;2). യേശുവിന്‍റെ ജനനം അറിഞ്ഞ് പൗരസ്ത്യദേശത്തുനിന്നു വന്ന ജ്ഞാനികള്‍ പറഞ്ഞ വാക്കുകളാണിത്. ഇവിടെ അവര്‍ പറയുന്നത് 'അവന്‍റെ നക്ഷത്രം' എന്നാണ്. പ്രപഞ്ചത്തില്‍ അനേകം നക്ഷത്രങ്ങള്‍ ഉള്ളതില്‍നിന്ന്‍ യേശുവിന്‍റെ നക്ഷത്രം തിരിച്ചറിയണമെങ്കില്‍ അതിനു പ്രത്യേകതയുണ്ടാകണം. അതുകൊണ്ടുതന്നെ, ഇസ്രായേലിന്‍റെ രക്ഷയായ ഈ നക്ഷത്രം മറ്റേതെങ്കിലും നക്ഷത്രത്തിനു തുല്യമല്ല! ദാവീദിന്‍റെ രാജകീയ ചിഹ്നമായ ഈ നക്ഷത്രം വരാനിരുന്ന രക്ഷകനും രാജാവുമായ യേശുവിന്‍റെ അടയാളമായിരുന്നു. ഇതു വ്യക്തമാക്കുന്ന വചനം ശ്രദ്ധിക്കുക: "മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം. അവന്‍ വലിയവന്‍ ആയിരിക്കും; അത്യുന്നതന്‍റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്‍റെ പിതാവായ ദാവീദിന്‍റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും. യാക്കോബിന്‍റെ ഭവനത്തിന്‍മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്‍റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല"(ലൂക്കാ:1;30-33). ദാവീദിന്‍റെ സിംഹാസനത്തില്‍ എന്നേക്കും ഭരണംനടത്തുന്നവന്‍റെ ചിഹ്നം ഇതല്ലാതെ മറ്റെന്താണ്? യേശുവിനെ സൂചിപ്പിക്കുന്ന നക്ഷത്രം ദാവീദിന്‍റെ നക്ഷത്രമായതിനാല്‍, ക്രിസ്ത്യാനിക്കു മറ്റൊരു നക്ഷത്രമില്ല! എന്നാല്‍, സാത്താന്‍റെ ആരാധകര്‍ ഉപയോഗിക്കുന്ന അഞ്ചു കോണുകളുള്ള നക്ഷത്രമാണ് ദൈവാലയങ്ങളില്‍പ്പോലും ഉപയോഗിക്കുന്നത്! ഈ പൈശാചികത തിരിച്ചറിയാനുള്ള ആത്മീയജ്ഞാനത്തിന്‍റെ അഭാവമാണ് സഭയിന്ന്‍ അനുഭവിക്കുന്ന മഹാദുരന്തം! സുറിയാനിസഭയുടെ മെത്രാന്മാര്‍ തങ്ങളുടെ തൊപ്പിയില്‍ അഭിമാനത്തോടെ മുദ്രണം ചെയ്തിരിക്കുന്ന അഞ്ചുകാലന്‍ നക്ഷത്രത്തിന്‍റെ അടിസ്ഥാനം എന്താണെന്നു വിശ്വാസികളെ അറിയിക്കാന്‍ ഇവര്‍ക്ക് ഉത്തരവാദിത്വമുണ്ട്. സാത്താന്‍റെ നക്ഷത്രം ......... ! സാത്താനും നക്ഷത്രമോ എന്ന് ആരും ഹൃദയത്തില്‍ ചോദിക്കേണ്ട; കാരണം, അവന്‍തന്നെ ഒരു നക്ഷത്രമായിരുന്നുവെന്ന് വചനം വ്യക്തമാക്കിയിട്ടുണ്ട്! വീണുപോയ ഈ നക്ഷത്രത്തെക്കുറിച്ചു വചനം പറയുന്നത് ഇങ്ങനെ: "ഉഷസിന്‍റെ പുത്രനായ പ്രഭാതനക്ഷത്രമേ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജനതകളെ കീഴടക്കിയിരുന്ന നിന്നെ എങ്ങനെ തറയില്‍ വെട്ടിവീഴ്ത്തി! നീ തന്നത്താന്‍ പറഞ്ഞു: ഞാന്‍ സ്വര്‍ഗ്ഗത്തിലേക്കു കയറും. ഉന്നതത്തില്‍ ദൈവത്തിന്‍റെ നക്ഷത്രങ്ങള്‍ക്കുപരി എന്‍റെ സിംഹാസനം ഞാന്‍ സ്ഥാപിക്കും. ഉത്തരദിക്കിന്‍റെ അതിര്‍ത്തിയിലെ സമാഗമപര്‍വ്വതത്തിന്‍റെ മുകളില്‍ ഞാനിരിക്കും; ഉന്നതമായ മേഘങ്ങള്‍ക്കു മീതെ ഞാന്‍ കയറും. ഞാന്‍ അത്യുന്നതനെപ്പോലെ ആകും. എന്നാല്‍, നീ പാതാളത്തിന്‍റെ അഗാധഗര്‍ത്തത്തിലേക്കു തള്ളിയിടപ്പെട്ടിരിക്കുന്നു"(ഏശയ്യാ:14;12-15). ബാബിലോണ്‍രാജാവിനെക്കുറിച്ചാണ് പ്രവാചകന്‍ പറയുന്നതെങ്കിലും പ്രതീകാത്മകമായി സാത്താനെയാണ് സൂചിപ്പിക്കുന്നത്! ലൂക്കായുടെ സുവിശേഷത്തില്‍ ഇത് വ്യക്തമാക്കുന്നതു നോക്കുക: "സാത്താന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന്‍ ഇടിമിന്നല്‍പോലെ നിപതിക്കുന്നതു ഞാന്‍ കണ്ടു"(ലൂക്കാ:10;18). ഇനിയും വ്യക്തമായില്ലെങ്കില്‍ വെളിപാട് പുസ്തകത്തിലെ ഈ വചനം വായിക്കുക: "അതോടെ സ്വര്‍ഗ്ഗത്തില്‍ അവര്‍ക്ക് ഇടമില്ലാതായി. ആ വലിയ സര്‍പ്പം, സര്‍വ്വലോകത്തെയും വഞ്ചിക്കുന്ന സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതനസര്‍പ്പം, ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു"(വെളി:12;8,9). സാത്താനും ഒരു നക്ഷത്രം തന്നെയാണെന്നും ദൈവത്തിന്‍റെ നക്ഷത്രങ്ങള്‍ക്കുപരി സ്വയം ഉയരാന്‍ ശ്രമിച്ചവനും തത്ഫലമായി ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടവനുമാണെന്നു നാം തിരിച്ചറിയണം. ഈ നക്ഷത്രമാണ് കര്‍ത്താവിന്‍റെ ജനത്തെ വഞ്ചിച്ചുകൊണ്ട് സഭയുടെ ഉന്നതസ്ഥാനത്തു കയറിപ്പറ്റിയിരിക്കുന്നത്. 'ബ്ലാക്ക് മാസ്' (കറുത്ത കുര്‍ബാന) നടത്തുന്നവര്‍ അവരുടെ ചിഹ്നമായി ഈ നക്ഷത്രത്തെ സ്വീകരിച്ചിരിക്കുന്നത് പൂര്‍ണ്ണമായ ബോധ്യത്തോടെയാണ്. ഇതൊന്നും അറിയാതെ, ദൈവജനം ഇത് അനുകരിക്കുമ്പോള്‍ സന്തോഷിക്കുന്നത് ഉഷസിന്‍റെ പുത്രനായ പ്രഭാതനക്ഷത്രമാണെന്ന സത്യം നാം വിസ്മരിക്കരുത്. നമ്മുടെ കുരിശിനെ അപമാനിക്കാനായി സാത്താന്‍റെ സന്തതികള്‍ ഉപയോഗിക്കുമ്പോള്‍, അവരുടെ പിതാവായ സാത്താനെ നാം അലങ്കാരമായി ഭവനത്തില്‍ സ്വീകരിക്കുന്നു! ഇത് സകല ദൈവമക്കളും തിരിച്ചറിയണം. ക്രിസ്തുമസ്സിനു നക്ഷത്രം തൂക്കിയാലും ഇല്ലെങ്കിലും ആത്മാവിന് ഒന്നും സംഭവിക്കണമെന്നില്ല; എന്നാല്‍, സാത്താനെയും അവന്‍റെ മുദ്രയെയും നാം സ്വീകരിച്ചാല്‍ കര്‍ത്താവിന് അതു സ്വീകാര്യമാകില്ല! ചെറിയ അവഗണനകളിലൂടെയാണ് മഹാമ്ലേച്ഛതകള്‍ സഭയില്‍ കടന്നുകൂടിയത് എന്ന യാതാര്‍ത്ഥ്യവും നാം മറക്കരുത്! തലകീഴായ കുരിശിനെക്കുറിച്ചും അഞ്ചു കാലുള്ള നക്ഷത്രത്തെക്കുറിച്ചും മനോവയ്ക്കു പറയാനുള്ളത് ഇത്രയുമാണ്! ഇതുതന്നെയാണ് സത്യവും! പൗരസ്ത്യ സുറിയാനി സഭയിലെ(സീറോമലബാര്‍സഭ) മെത്രാന്മാരുടെ തൊപ്പിയില്‍ എങ്ങനെയാണ് അഞ്ചുകാലുള്ള നക്ഷത്രം വന്നതെന്നു വ്യക്തമാക്കാന്‍ ഇവര്‍ തയ്യാറാകണം. ഏതെങ്കിലും 'ഫാഷന്‍ ഡിസൈനര്‍'മാര്‍ രൂപപ്പെടുത്തിയതല്ല സഭാധികാരികളുടെ സ്ഥാനചിഹ്നങ്ങള്‍! അബദ്ധങ്ങളെ ന്യായീകരിക്കാന്‍ ഐതീഹ്യങ്ങളെ കൂട്ടുപിടിക്കുന്ന കല്‍ദായര്‍, തങ്ങളുടെ ശിരസ്സില്‍ ചൂടുന്നത് എതിര്‍ക്രിസ്തുവിന്‍റെ(ആന്‍റിക്രൈസ്റ്റ്) അടയാളമാണെന്നു മനസ്സിക്കിയിട്ടില്ലേ? വ്യക്തമായ ബോധ്യത്തോടെയാണ് ഇതു സ്വീകരിച്ചതെങ്കില്‍, ആ ബോധ്യം അറിയാനുള്ള അവകാശം ദൈവജനത്തിനുണ്ട്! കുറിക്കാന്‍ മറന്നത്: അഞ്ചുകാലുള്ള നക്ഷത്രം ഔദ്യോഗിക മുദ്രയായി സ്വീകരിച്ചിട്ടുള്ള വിഭാഗങ്ങള്‍ ഇവരാണ്: 'ബ്ലാക്ക് മാസ്'(കറുത്ത കുര്‍ബാന) നടത്തുന്നവരെക്കൂടാതെ, ഇസ്ലാംമതക്കാരുടെയും സി.പി.എം.ന്‍റെയും ചിഹ്നങ്ങളില്‍ ഇതു വളരെ പ്രധാനമാണ്! അറിഞ്ഞോ അറിയാതെയോ അമേരിക്കയടക്കം ചില രാജ്യങ്ങളുടെ പതാകയും ഈ നക്ഷത്രത്തെ വഹിക്കുന്നുണ്ട്! എന്നാല്‍, ഇതിനേക്കാളെല്ലാം ഗുരുതരമായ മറ്റൊന്ന്, പരിശുദ്ധ കന്യകാമറിയത്തിന്‍റെ ശിരസ്സില്‍ പന്ത്രണ്ടു നക്ഷത്രങ്ങള്‍ക്കൊണ്ട് കിരീടം ചിത്രീകരിച്ച കലാകാരനും പിഴവുപറ്റി എന്നതാണ്. ഇസ്രായേലിലെ ഗോത്രങ്ങളെ പ്രതിനിധീകരിക്കുന്ന ആ നക്ഷത്രങ്ങള്‍ തീര്‍ച്ചയായും ആറു കാലുകളുള്ള നക്ഷത്രങ്ങളാണ്

കടപ്പാട്---StJohns Jacobite Pindimana