Friday, July 5, 2013

  1.          പൌരോഹിത്യ സ്ഥാനികള്‍

1. വിശ്വാസി (Faithful)

സുറിയാനിയില്‍ ഒല്മോയോ (colloquial – അല്മായന്‍), ഹൈമ്നൊ (colloquial – അയ്മേനി). മാമോദീസയുടെ ശേഷം വി. മൂറോന്‍ തൈലത്താല്‍ അഭിഷേകം ചെയ്യപ്പെടുന്ന എല്ലാവരും വിശുദ്ധ ഗ്രന്ഥം അനുസരിച്ച് രാജാവും പുരോഹിതനുമാണ് (1 പത്രോ.2:9; പുറപ്പാടു 19 :6). പൌരോഹിത്യ സ്ഥാനികളില്‍ ഏറ്റവും അടിസ്ഥാനമായി ഉള്ളത് ഇതാണ്. മറ്റു ഉയര്‍ന്ന സ്ഥാനം ഏതായാലും  ഒല്മോയോ എന്ന സ്ഥാനത്തിനു ശേഷമേ ഏല്‍ക്കാന്‍ കഴിയൂ. തൈലത്താല്‍ അഭിഷേകം ചെയ്യപ്പെടുന്ന ഏക അഭിഷേക ശുശ്രൂഷയും ഒരു വിശ്വാസിയുടെതാണ്. മറ്റു സ്ഥാനികള്‍ക്ക് പ്രത്യേക കൈവെപ്പു മാത്രമേ നല്കപ്പെടുന്നുള്ളൂ.

2. ശെമ്മാശന്‍ (Deacon)

തിരുവെഴുത്തുകളില്‍ “ശുശ്രൂഷകന്‍” എന്ന് വിളിക്കുന്ന സ്ഥാനം ആണ് ഇത്. ഗ്രീക്ക് മൂലത്തില്‍ DIAKONOS എന്നാണു കാണുക (അപ്പോ 6 : 1 -6; ഫിലി 1 :1) ഈ സ്ഥാനത്തില്‍ അനേകം ഉപസ്ഥാനികള്‍ ഉണ്ട്.
(a) മൗമ്യോനോ
വിശ്വാസം ഏറ്റു പറയിക്കുക എന്നുള്ളതാണ് ഈ സ്ഥാനികള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഈ സ്ഥാനം ആര്‍ക്കും കൊടുക്കാറില്ല, പകരം ഉയര്‍ന്ന സ്ഥാനികള്‍ ആണ് ഇവരുടെ സ്ഥാനീയ കര്‍മം ചെയ്യുന്നത്.
(b) മ്സംറോനോ (Chanter)
സുറിയാനി പാരമ്പര്യത്തില്‍ ആരാധനയില്‍ ഒരു പ്രത്യേക choir ഉപയോഗിക്കുന്ന രീതി ഇല്ല. പകരം ആരാധകര്‍ മുഴുവനായി ചേര്‍ന്ന് നിന്ന് പാടുക എന്നതാണ് പാരമ്പര്യം. പ്രസ്തുത പാട്ടുകള്‍ക്ക് നേതൃത്വം നല്‍കുക എന്നുള്ളതാണ് മ്സംറോനോ ചെയ്യുന്നത്.
(c) കൊറൂയോ (Reader)
ആരാധനകളിലെ വേദഭാഗങ്ങള്‍ വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യാനുള്ള അധികാരം കൊറൂയെന്മാര്‍ക്കാണ്.
(d) അഫ്ദയക്നൊ (Sub – deacon)
ദേവാലയത്തിലെ ക്രമീകരണങ്ങള്‍ ചെയ്യുന്നതാണ് ഇവരുടെ ഡ്യൂട്ടി. ആരാധന ക്രമീകൃതമായും ഇമ്പമായും നടത്തേണ്ട ചുമതല ഇവരുടെതാണ്.
(e) മ്ശെംശോനോ (Full deacon)
വിശുദ്ധ ആരാധനയ്ക്ക് മറ്റു ഉയര്‍ന്ന സ്ഥാനികളെ സഹായിക്കുക, വി. മദ്ബഹായില്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുക എന്നതാണ് ഇവരുടെ ചുമതല.

3. കഹനേന്മാര്‍ (പട്ടക്കാര്‍ – Priests)

ക്രിസ്തു ഏല്‍പ്പിച്ച യഥാര്‍ത്ഥ പൌരോഹിത്യ ശുശ്രൂഷ മേല്പ്പട്ടക്കാരന്റെ അനുവാദത്തോടെ നടത്തുക എന്നുള്ളതാണ് പട്ടക്കാരുടെ കടമ. തിരുവെഴുത്തുകളില്‍ “മൂപ്പന്‍” (PRESBYTEROS) എന്ന് വിളിക്കുന്ന സ്ഥാനം ആണ് ഇത് (1 തിമൊ5: 17; യാക്കോബ് 5 :14). വി. കുര്‍ബാന ജനങ്ങളുടെ പ്രധിനിധി ആയി നിന്നുകൊണ്ട് അര്‍പ്പിക്കുക, പാപികള്‍ക്ക് ക്രിസ്തുവിന്റെയും സഭയുടെയും പ്രതിനിധി ആയി നിന്നുകൊണ്ട് പാപമോചനം നല്‍കുക, മറ്റു കൂദാശകള്‍ പരികര്‍മ്മം ചെയ്യുക മുതലായ അധികാരം പട്ടക്കാരനു മേല്പ്പട്ടക്കാരാല്‍ നല്‍കപ്പെടുന്നു. രണ്ടു ഉപസ്ഥാനികള്‍ ഇവരിലും ഉണ്ട്.  
(a) കാശീശോ (Presbyter)
ഒരു ദേവാലയത്തിന്റെ ചുമതല വഹിക്കുന്ന പട്ടക്കാരന്‍. ഇടവകയിലെ ജനങ്ങളുടെ ആത്മീയ ആവശ്യങ്ങള്‍ കാശീശന്മാര്‍ നിവര്‍ത്തിച്ചു കൊടുക്കുന്നു.
(b) കോര്‍ – എപ്പിസ്കോപ്പ (Cor – Bishop)
ഒരു ഗ്രാമത്തിന്റെ ചുമതല വഹിക്കുന്ന പട്ടക്കാരന്‍. ഇപ്പോള്‍ ഈ സ്ഥാനം ബഹുമാനാര്‍ഥം മാത്രം കൊടുത്തുവരുന്നു.

4. മേല്പ്പട്ടക്കാര്‍ (High Priests)

 ക്രിസ്തുവിന്റെ ഭൂമിയിലെ സ്ഥാനപതികള്‍. മേല്പ്പട്ടക്കാരന്‍ ഉള്ളിടത്തു മാത്രമേ സഭ ഉള്ളു എന്ന് യോഹന്നാന്‍ അപ്പോസ്തോലന്റെ ശിഷ്യനായിരുന്ന രക്തസാക്ഷിയായ അന്ത്യോഖ്യലെ വി. ഇഗ്നാത്തിയോസ്നൂരൊനൊ പറഞ്ഞിട്ടുണ്ട്. ബൈബിളില്‍ “അധ്യക്ഷന്‍” (EPISKOPOS) എന്ന് പറയുന്നത് ഈ സ്ഥാനത്തെക്കുറിച്ചാണ് (ഫിലി 1:1;  തീത്തോ 1: 7; 1 തീമോ 3: 1,2). ബൈബിളില്‍ വിവരിക്കുന്ന POIMEN (Shepherd, ഇടയന്‍) എന്ന സ്ഥാനവും ഇവരുടെതാണ് (1 പത്രോ 2: 25; എഫെ 4: 11). ഇവരിലും അധികാരം അനുസരിച്ച് പല ഉപസ്ഥാനികള്‍ ഉണ്ട്.
(a) എപ്പിസ്കോപ്പ (Bishop)
ഒരു പ്രദേശത്തുള്ള ദേവാലയങ്ങളുടെ ചുമതല വഹിക്കുന്ന മേല്പ്പട്ടക്കാരന്‍ ആണ് എപ്പിസ്കോപ്പ. സഭയില്‍ ഇന്ന് സാധാരണ ഈ സ്ഥാനം നല്‍കാറില്ല.
(b) മെത്രാപ്പോലീത്താ (Metropolitan, Arch Bishop)
ഒരു നഗരത്തിലെ (metropolis) ദേവാലയങ്ങളുടെ ചുമതല വഹിക്കുന്ന എപ്പിസ്കോപ്പ ആണ് മെത്രാപ്പോലീത്ത.
(c) കാതോലിക്ക (Catholicos) / പാത്രിയര്‍ക്കിസ് (Patriarch)
ഒരു സഭയുടെ തലവന്‍ ആണ് പാത്രിയര്‍ക്കിസ് / കാതോലിക്ക. സഭാതലവനു അധികാരത്തില്‍ അല്ലാതെ പട്ടത്വത്തില്‍ മറ്റു മേല്പ്പട്ടക്കാരുമായി വത്യാസമൊന്നും ഇല്ല.

പ്രത്യേക സ്ഥാനികള്‍

മറ്റു ചില പ്രത്യേക സ്ഥാനികളെയും പരിചയപ്പെടാം.
(a) മ്ശെംശോനീസോ (Deaconess)
ദേവാലയ ശുശ്രൂഷ ചെയ്യുന്ന സ്ത്രീകള്‍ക്ക് കൊടുക്കുന്ന പട്ടത്വസ്ഥാനമാണ് ഇത്. കേരളത്തില്‍ ഇത് സര്‍വസാധാരണം അല്ല. എങ്കിലും സ്ത്രീകളെ ശെമ്മാശിനിമാര്‍ ആക്കുന്ന പാരമ്പര്യം സഭക്കുണ്ട്. പൗലോസ്‌ ശ്ലീഹ  ശെമ്മാശിനിമാരെക്കുറിച്ച് വിവരിക്കുന്നുണ്ട് (റോമ 16:1; 1 തിമോ  3:8–13). ആദിമ സഭാ പിതാക്കന്മാരായ അലെക്സാന്ദ്രിയായിലെ ക്ലെമെന്റ്, ഒരിജെന്‍ മുതലായവര്‍ ഈ സ്ഥാനികളെക്കുറിച്ചു പ്രസ്ഥാവിക്കുന്നുണ്ട്.
(b) ആര്‍ച്ച് ഡീക്കന്‍ (Arch deacon)
ഡീക്കന്മാരുടെ തലവന്‍ എന്നര്‍ത്ഥം. ചിലപ്പോള്‍ പട്ടക്കാരില്‍നിന്നും ആര്‍ച്ച് ഡീക്കണെ തെരഞ്ഞെടുക്കാറുണ്ട്. മലങ്കര സഭാ ചരിത്രത്തില്‍ സഭയുടെ തലവന്‍ ആയിരുന്ന ‘അര്‍ക്കദിയാക്കോന്‍’ എന്നതും ഈ സ്ഥാനമാണ്.
(c) റമ്പാന്‍ ( Monk)
സന്യാസിമാര്‍ക്ക് നല്‍കുന്ന പ്രത്യേക സ്ഥാനം ആണ് റമ്പാന്‍ സ്ഥാനം. ‘എന്റെ ഗുരു’ എന്നര്‍ഥമുള്ള ‘റാബാന്‍’ എന്ന സുറിയാനി വാക്കിന്റെ മലയാള തത്ഭവം ആണ് റമ്പാന്‍. അല്മായര്‍ക്കും, ശെമ്മാശന്‍മാര്‍ക്കും, പട്ടക്കാര്‍ക്കും റമ്പാന്‍ ആകാം. പട്ടക്കാരായ റമ്പാന്‍മാരില്‍ നിന്നാണ് സഭയില്‍ മേല്പ്പട്ടക്കാരെ തെരഞ്ഞെടുക്കുന്നത്.
(d) ദയറോയ്തോ (Nun)

സന്യാസിനിമാര്‍ ആയ അല്മായക്കാരെ/ശെമ്മാശിനിമാരെ ആണ് ദയറോയ്തോ എന്ന് വിളിക്കുന്നത്‌.

0 comments:

Post a Comment