Wednesday, January 22, 2014





















ബലിസ്ഥലം എന്ന അർത്ഥത്തിന്റെ സുറിയാനി 
വാക്കാണ്‌ മദ്ബഹ ! ത്രോണോസ് (അൾത്താര) സ്ഥിതി ചെയ്യുന്ന ഉയർന്ന സ്ഥലം.ക്ദൂശ് കുദിശിൻ (അതിവിശുദ്ധ സ്ഥലം) എന്നപേരിലും മദ്ബഹ അറിയപ്പെടുന്നു.സുറിയാനി ഓർത്തഡോക്സ് സഭയിൽ സ്വര്ഗ്ഗത്തിന്റെ പ്രതീകമാണ് മദ്ബഹ.ദൈവസൃഷ്ടികളിൽ ഒന്നാമനായ വെളിച്ചത്തിന്റെ പ്രഭവ സ്ഥാനമായ സൂര്യൻ ഉദിക്കുന്നത് കിഴക്കാണല്ലോ.വിശുദ്ധ ഗ്രന്ഥങ്ങളിൽ സൂചിപ്പിച്ചിരിക്കുന്ന മനുഷ്യന്റെ ആദി വാസസ്ഥലമായ ഏദൻ തോട്ടവും കിഴക്കാണല്ലോ(ഉൽപ്പത്തി 2:8) എദനിൽ നിന്നും ബഹിഷ്കൃതനായ മനുഷ്യൻ പറുദീസാ പ്രാപിക്കുവാൻ ആഗ്രഹിക്കുന്നു എന്നും ദൈവീക പ്രകാശത്തിലേക്ക് തിരിയുന്നു എന്നുമുള്ള അർത്ഥത്തിലാണ് കിഴക്കോട്ടു തിരിഞ്ഞു നിന്ന് പ്രാർഥിക്കുന്നത്.മറ്റേറെ പ്രാധാന്യങ്ങളും കിഴക്കിനുണ്ട്. കർത്താവിന്റെ രണ്ടാമത്തെ വരവ് കിഴക്കുനിന്നും ആയിരിക്കുമെന്നുള്ളതുകൊണ്ടാണ് മദ്ബഹ കിഴക്കായിരിക്കണം എന്ന് പരിശുദ്ധ സഭ നിഷ്കര്ഷിക്കുന്നത്.കാരണം കർത്താവിന്റെ രണ്ടാമത്തെ വരവിനായി സഭ പ്രാർഥനയോടെ കാത്തിരിക്കുന്നു.ത്രോണോസും അതിന്റെ പരിസരങ്ങളും അവൈദീകർക്ക് അപ്രാപ്യമായ സ്ഥലങ്ങളാണ് !ആദിമ കാലങ്ങളിൽ പൂർണ്ണ ശെമ്മാശന് മുകളിലുള്ള സ്ഥാനികൾക്കേ മദ്ബഹയിൽ പ്രവേശനം ഉണ്ടായിരുന്നുള്ളൂ! ഇന്ന് എല്ലായിടത്തും ശെമ്മാശന്മാരുടെ സേവനം ഇടവകകൾക്ക് ലഭ്യമല്ലാത്തതിനാൽ അൽമായർക്ക് പ്രത്യേക അനുവാദം നൽകി മദ്ബഹ ശുശ്രൂഷകളിൽ സംബന്ധിപ്പിക്കുന്നു. "ക്രൂബേന്മാരുടെ തേരതുപോലെ സ്ഥിരമീ-മദ്ബഹാ സ്വർഗ്ഗത്തിൻ സേനകളുണ്ടതിനെ ചുറ്റിക്കൊണ്ട് " വിശുദ്ധ കുർബ്ബാനയിൽ ഉപയോഗിക്കുന്ന ഈ ഗീതത്തിന്റെ അർഥവത്തായ വരികൾ മദ്ബഹായുടെ എല്ലാ വിശുദ്ധിയേയും പ്രാധാന്യത്തെയും എടുത്തു പറയുന്നു.വിശുദ്ധ അർപ്പിക്കുന്ന ആളിനെയും ശുശ്രൂഷാ ഗണങ്ങളെയും കൂടാതെ അദൃശ്യരായ സ്വർഗ്ഗീയ മാലാഖമാരും വിശുദ്ധ ബാലിയിൽ പങ്കെടുക്കുന്നു എന്നതിനാൽ ആ ശുശ്രൂഷാ എത്ര മാത്രം ഭയങ്കരമാണ് , ആ വിശുദ്ധ സ്ഥലം എത്ര മാത്രം വിശുദ്ധമാണ് എന്നത് വിശ്വാസികൾ ഇപ്പോഴും ഓർക്കേണ്ട വസ്തുതയാണ് !


കടപ്പാട്----Fr-Akash Paul

0 comments:

Post a Comment