Sunday, August 18, 2013



വി.ദൈവമാതാവിന് മറ്റു മക്കള്‍ ഉണ്ടായിരുന്നോ ?? ......പാസ്ടര്‍ പറയുന്നത് ശരിയോ ?

 വി .മത്തായി 13 :55 ,56   

ഇവൻ തച്ചന്റെ മകൻ അല്ലയോ ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെ നിന്നു എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.
ഈ വാക്യത്തെ വളച്ചൊടിച്ച് ,മറിയയുടെ മറ്റു മക്കളാണ്  യാക്കോബ്, യോസെ,  ശിമോൻ, യൂദാ  ,അത് കൂടാതെ സഹോദരിമാരും ഉണ്ടായിരുന്നു എന്നൊക്കെ ചില   നവീന സഭക്കാര്‍ പറയുന്നത് നമ്മള്‍ കേട്ടിട്ടുണ്ട്. അത് ശരി ആണോ എന്ന് നമുക്ക് ഒന്ന് പരിശോധിക്കാം .
വി.വേദപുസ്തകത്തില്‍ കര്‍ത്താവിന്റെ "സഹോദരന്മാര്‍" എന്നും "സഹോദരിമാര്‍ " എന്നും പരാമര്‍ശിക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ട് . എന്നാല്‍ ഇവയില്‍ ഒന്നും തന്നെ വി. ദൈവമാതാവ് മറിയമിന്റെ മക്കളാണ് ഇവരെന്ന്  പറയുന്നില്ല .വി. വേദപുസ്തകം ശരിയായി  വായിക്കുമ്പോള്‍ നമുക്ക് മനസിലാകുന്ന ഒരു കാര്യമുണ്ട്.മറിയം എന്ന പേരില്‍ വി.ദൈവമാതാവ് അല്ലാതെ മറ്റൊരു മരിയമും ഉണ്ടായിരുന്നു എന്ന സത്യം ....
അതിനുള്ള തെളിവുകളാണ്  താഴെ പറയുന്ന വാഖ്യങ്ങളില്‍ കൂടെ വിശദീകരിക്കുവാന്‍ ശ്രമിക്കുന്നത്  .

1 .  നമ്മള്‍ പോകുന്നത് യേശു ക്രിസ്തുവിന്റെ ക്രൂശു  മരണ സന്ദര്‍ഭത്തിലേക്കാണ്.
വി .മത്തായി 27 :55 ,56  
 ഗലീലയിൽ നിന്നു യേശുവിനെ ശുശ്രൂഷിച്ചുകൊണ്ടു അനുഗമിച്ചുവന്ന പല സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു.അവരിൽ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു.ഈ വാഖ്യം നന്നായി ശ്രദ്ധിക്കുക ,"യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും ".ഇതില്‍ നിന്നും വി .മത്തായി 13 :55 ,56  ഇല്‍ പറയുന്ന  യാക്കോബ്, യോസെ എന്നിവരുടെ അമ്മ ആരാണെന്നു നമുക്ക് മനസിലായി കഴിഞ്ഞു .അത് വി ദൈവമാതവല്ല ,രണ്ടാമതൊരു മറിയം ആണ്.അത് സംശയങ്ങള്‍ക്ക് ഇടയില്ലാത്തവണ്ണം നമ്മള്‍ മനസിലാക്കി കഴിഞ്ഞു .

2 .  ഇവിടെ നിന്ന് നമ്മള്‍ പോകുന്നത് യേശു ക്രിസ്തുവിന്റെ പുനരുത്ഥാന   സന്ദര്‍ഭത്തിലേക്കാണ് . വി .മത്തായി 28 :1  ശബ്ബത്തു കഴിഞ്ഞു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാൻ ചെന്നു.ഇവിടെ പരാമര്‍ശിക്കപ്പെടുന്ന  'മറ്റെ മറിയ'  വി .മത്തായി 27 :55 ,56  ഇല്‍  മഗ്ദലക്കാരത്തി മറിയയോടൊപ്പം കാണുന്ന  യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയാണെന്ന് ന്യായമായും നമുക്ക് മനസിലാക്കാം .അല്ലാതെ പാസ്ടര്‍ പറയുന്നത് പോലെ യേശുവിന്റെ അമ്മ മറിയം അല്ല.
ഇനി നമുക്ക്    യാക്കോബിന്റെയും യോസെയുടെയും അമ്മ  'മറ്റേ മറിയം' യേശുവിന്റെ അമ്മ അല്ല എന്ന് തെളിയിക്കെണ്ടാതായുണ്ട് .
വി . മത്തായിയുടെ സുവിശേഷം വായിക്കുമ്പോള്‍ നമുക്ക് മനസ്സില്‍ ആകുന്ന ഒരു കാര്യം ഉണ്ട് , മറിയത്തെ പരാമര്‍ശിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഒക്കെ അവന്റെ "അമ്മ " എന്ന വാക്കാണ്‌ വി . മത്തായി ഉപയോഗിച്ചിരിക്കുന്നത്.ഉദ  വി . മത്തായി: 1:18, 2:11, 2:13, 2:14, 2:20, and 2:21 . ഇവിടെയൊക്കെയും അമ്മ എന്ന് ഉപയോഗിച്ചിരിക്കുന്ന സുവിശേഷകന്‍ പിന്നീട്  മഗ്ദലക്കാരത്തി മറിയക്കും പിന്നില്‍ രണ്ടാമതായി മാത്രം പ്രാധാന്യം കൊടുത്തു ,വി.ദൈവ മാതാവിനെ യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയ എന്ന് പരാമര്‍ശിക്കും എന്ന് കരുതുക വയ്യ .ഈ വിശകലനന്കളില്‍   നിന്നും നമുക്ക് മനസിലാകുന്ന കാര്യം യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയമും ,യേശുവിന്റെ അമ്മ മറിയവും രണ്ടു വെത്യസ്ത  സ്ത്രീകള്‍ ആണെന്ന സത്യമാണ്.


3 .  ഇനി നമുക്ക് വി.മര്‍കോസിന്റെ   സുവിശേഷത്തില്‍ ഇതിനെകുറിച്ച് എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം 
മാര്‍ക്കോ 6 : 3  ഇവൻ മറിയയുടെ(യഹൂദ  പശ്ചാത്തലത്തില്‍  അമ്മയുടെ മകന്‍ സാധാരണ  എന്ന് പറയാറില്ല  എന്നാല്‍ ഇവിടെ മറിയയുടെ മകന്‍ എന്ന്  യേശുവിനെ പരാമര്‍ശിച്ചിരിക്കുന്നത്    ശ്രദ്ധിക്കുക)  മകനും യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.
വി .മത്തായി 13 :55 ഇല്‍ നമ്മള്‍ കണ്ടത്    പോലെ യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നെ പേരുകള്‍ ഇവിടെ പരാമര്‍ശിച്ചിരിക്കുന്നു.
ഇനി മാര്‍ക്കോ  : 15 :40  നമുക്ക് ഒന്ന്  നോക്കാം സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു; അവരിൽ മഗ്ദലക്കാരത്തി മറിയയും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയയും ശലോമിയും ഉണ്ടായിരുന്നു. 
ഇവിടെ നമ്മള്‍ മനസ്സില്‍ ആക്കുന്ന കാര്യം , യേശുവിന്റെ സഹോദരന്മാര്‍ എന്ന് വിശേഷിക്കപ്പെട്ട യാക്കോബ് ,യോസെ എന്നിവര്‍ യേശുവിന്റെ ചാര്‍ച്ചക്കാരിയായ   മരിയയില്‍  ജനിച്ചവരാണ്.അതുകൊണ്ട് തന്നെ ബന്ധുക്കളായ അവരെ 'സഹോദരന്മാര്‍' എന്ന്  പറഞ്ഞിരിക്കുന്നത് .
ഇനി മാര്‍ക്കോ : 16 :1 ,,
 ശബ്ബത്തു കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവർഗ്ഗം വാങ്ങി. മുകളിലുള്ള വാഖ്യത്തില്‍ കണ്ട മൂന്നു പേരും ഇവിടെയും നമുക്ക് കാണാം .മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും. ഇവിടെ യാക്കോബിന്റെ  അമ്മ എന്നാണ് 'മറ്റേ ' മറിയയേ പരാമര്ശിചിരിക്കുന്നത് . (മത്തായി മറ്റേ മറിയ എന്നാണ് പറഞ്ഞിരിക്കുന്നത് ) ഇവിടെയെങ്ങും ഈ മറിയ യേശുവിന്റെ അമ്മ മറിയ ആണെന്ന് പറഞ്ഞിട്ടില്ല.

4.   ഇനി നമുക്ക് ലുകൊസിന്റെ സുവിശേഷം ഒന്ന്നു നോക്കാം വി.ലുക്കോ 24 :10  അവർ ആരെന്നാൽ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവർ തന്നേ. അവരോടുകൂടെയുള്ള മറ്റു സ്ത്രീകളും അതു അപ്പൊസ്തലന്മാരോടു പറഞ്ഞു.

ഇവിടെയും യാക്കോബിന്റെ അമ്മ മറിയ എന്നാണ് പരാമര്‍ശം . യേശുവിന്റെ അമ്മ എന്ന പരാമര്‍ശം ഇവിടെയും കാണാനില്ല . വി. ലുകോസ് തന്റെ സുവിശേഷത്തില്‍ മുഴുവനും വി.ദൈവമാതാവിനെ അവന്റെ 'അമ്മ' എന്നാണ് സംബോധന ചെയ്തിരിക്കുന്നത്, ഉദ : ലുക്കോ : 1:43, 2:33-34, 2:51, 8:19, Acts 1:14.

അതുകൊണ്ട് തന്നെ ഒരു വാക്യത്തില്‍ മാത്രം വി.മരിയാമിനെ  യേശുവിന്റെ അമ്മ എന്നതിന് പകരം യാക്കോബിന്റ അമ്മ എന്ന് പ്രാധാന്യം കുറച്ചു  സുവിശേഷകന്‍ പറയും എന്ന് തോനുന്നില്ല .

അപ്പോള്‍ ആരാണ് ഈ അന്ഞാതയായ  'മറ്റേ ',യാക്കോബിന്റെ അമ്മ ,യോസയുടെ  അമ്മ മറിയ ???

5.  അത് അറിയാനായി നമുക്ക് വി യോഹന്നാന്റെ സുവിശേഷം ഒന്ന് പരിശോധിക്കാം. വി യോഹ 19 :25  യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു.

ഇവിടെ എന്താണ് മനസിലാക്കുന്നത്‌ ?? യേശുവിന്റെ അമ്മ മറിയ , മറിയയ്ക്ക് ഒരു സഹോദരി ഉണ്ടായിരുന്നു ,ക്ലെയോപ്പാവിന്റെ ഭാര്യയായ  മറിയ !!!!
യഹൂദ ഗോത്ര  പാരമ്പര്യ  പ്രകാരം യേശുവിന്റെ സഹോദരങ്ങള്‍ എന്ന് യാക്കോബ് ,യോസെ എന്നിവര്‍ വിളിക്കപ്പെട്ടത്‌  എങ്ങനെയാണെന്ന് എല്ലാവര്ക്കും  മനസിലായികാണുമെന്നു പ്രതീക്ഷിക്കുന്നു .


മുകളില്‍ പറഞ്ഞ തെളിവുകളുടെ അടിസ്ഥാനത്തില്‍ നമുക്ക് കാര്യങ്ങളെ  താഴെ പറയുന്ന പ്രകാരം സംഗ്രഹിക്കാം ,

1 .ക്ലെയോപ്പാവിന്റെ ഭാര്യയായ  മറിയ ,യാക്കോബിന്റെ  അമ്മ മറിയ ,യോസയുടെ  അമ്മ മറിയ എന്നിങ്ങനെ സൂചിപ്പിച്ചിരിക്കുന്ന   മറിയ ഒരാള്‍ തന്നെ ആണ് 
2 .അത്  വി .ദൈവമാതാവിന്റെ സഹോദരിയായ മറിയ ആണ് .
3 . അതുകൊണ്ടാണ് യാക്കോബ് ,യോസെ എന്നിവര്‍ യേശുവിന്റെ സഹോദരങ്ങള്‍ എന്ന് വിളിക്കപ്പെട്ടത്‌ .
4 . അവന്റെ മറ്റു സഹോദരങ്ങള്‍ (ശിമോൻ, യൂദാ ) ,സഹോദരികളും ,അവനില്‍ വിശ്വസിക്കാത്ത സഹോദരന്മാര്‍ എന്ന് യോഹ 7 :5 ഇല്‍ പറയുന്ന സഹോദരന്മാരും എല്ലാം യഹൂദ ഗോത്ര പ്രകാരമുള്ള മറ്റു ശാഖകളില്‍ പെട്ട യേശുവിന്റെ ചര്‍ച്ചക്കാര്‍ ആണ് .


ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ .

കടപ്പാട്--------- Suriyani Mappilla  { face book}


0 comments:

Post a Comment