Sunday, August 4, 2013

വി. ഗീവറുഗീസ് സഹദാ (St. George the Martyr)

ഏവര്‍ക്കും വളരെ സുപരിചിതനായ ഒരു വിശുധനാണ് ഗീവറുഗീസ്. കേരളത്തില്‍ ധാരാളം പള്ളികള്‍ അദ്ദേഹത്തിന്റെ നാമത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. കൊപ്റ്റിക് സഭ “രക്തസാക്ഷികളുടെ രാജകുമാരന്‍” എന്നും ഗ്രീക്ക് സഭ  “മഹാനായ രക്തസാക്ഷി” എന്നും ഇദ്ദേഹത്തെ വിളിച്ചു ബഹുമാനിക്കുന്നു. കര്‍ത്താവിനു വേണ്ടി രക്തസാക്ഷിയായി തീര്‍ന്ന ഗീവര്‍ഗീസിന്റെ ലഘുജീവചരിത്രം ആണ് ഇവിടെ കുറിക്കുന്നത്. Bollandists Danile Paperbroch, Jean Bolland, Godfrey Henschen മുതലായവര്‍ പതിനേഴാം നൂറ്റാണ്ടില്‍ നടത്തിയ ആധികാരിക പഠനം വി. ഗീവറുഗീസിന്റെ ചരിത്രപരതയെ അനാവരണം ചെയ്യുന്നതാണ്.

വി. ഗീവറുഗീസ് – ലഘു ജീവിതരേഖ

പാലസ്തീനിലെ ഗ്രീക്ക് ക്രിസ്തീയ പ്രഭുകുടുംബത്തിലാണ് ഗീവറുഗീസ് ജനിക്കുന്നത്. ജനന കാലഘട്ടം AD 275 നും 285  നും ഇടയിലാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ പിതാവ് കപ്പദൊക്ക്യയില്‍ നിന്നും മാതാവ് പലസ്തീനിലെ ലിദ്ദ എന്ന സ്ഥലത്തുനിന്നും ആയിരുന്നു. ക്രിസ്തീയ കുടുംബത്തില ജനിച്ചതുകൊണ്ടു തീവ്ര വിശ്വാസത്തിലും ഭക്തിയിലും ഗീവറുഗീസ് ചെറുപ്പം മുതലേ വളര്‍ന്നു വന്നു. ഗ്രീക്കില്‍ അദ്ദേഹത്തിന്റെ പേരിന്റെ ശെരിയായ രൂപം ‘ഗീഒര്‍ഗിയോസ്’ (Georgios) എന്നാണു. ‘നിലത്തു ജോലി ചെയ്യുന്നവന്‍’ (കൃഷിക്കാരന്‍) എന്നാണു അതിന്റെ അര്‍ഥം. പതിനാലു വയസ്സുള്ളപ്പോള്‍ തന്റെ പിതാവിനെയും ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം മാതാവിനെയും ഗീവറുഗീസിന് നഷ്ട്ടപ്പെട്ടു.
അനാഥനായ ഗീവറുഗീസ് നിക്കൊമെദ്യ എന്ന നഗരത്തിലേക്ക് ചേക്കേറി ഡയൊക്ലീഷന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ ഒരു പടയാളിയായി സേവനം ചെയ്തു. വെറും ഇരുപതു വയസ്സുള്ളപ്പോള്‍ അദ്ദേഹത്തിന് ചക്രവര്‍ത്തിയുടെ അംഗരക്ഷകനായി സ്ഥാനക്കയറ്റം ലഭിച്ചു. തന്റെ സ്ഥാനമാനങ്ങള്‍ വഹിക്കുമ്പോഴും ക്രിസ്തുവിനെക്കുറിച്ചു മറ്റുള്ളവരോട് സുവിശേഷിക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു.
AD 302 ല്‍ എല്ലാ ക്രിസ്ത്യാനികളായ തന്റെ പടയാളികള്‍ എല്ലാം അറസ്റ്റ് ചെയ്യപ്പെടുകയും അവരെ റോമദേവന്മാര്‍ക്ക് ബലി അര്‍പ്പിക്കപ്പെടുകയും ചെയ്യണം എന്ന് ഡയൊക്ലീഷന്‍ ചക്രവര്‍ത്തി കല്പ്പന പുറപ്പെടുവിച്ചു. ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ചാല്‍ തലസ്ഥാനങ്ങളില്‍ തുടരാനും അവസരം ഉണ്ടായിരുന്നു. ധീരനായ ഗീവറുഗീസ് ചക്രവര്‍ത്തിയുടെ മുന്‍പില്‍ വച്ചുതന്നെ തന്റെ ക്രിസ്തീയ വിശ്വാസം ഏറ്റുപറഞ്ഞു. ഗീവറുഗീസിനോട് അതീവ വാത്സല്യവും സ്നേഹവും ഉണ്ടായിരുന്ന ചക്രവര്‍ത്തി ക്രിസ്തീയ വിശ്വാസം  ഉപേക്ഷിക്കുവാന്‍ ധാരാളം നിലങ്ങളും പണവും സ്ഥാനമാനങ്ങളും കഥാപുരുഷന് വാഗ്ദാനം ചെയ്തു. വിശുധനാകട്ടെ, എല്ലാം തള്ളിക്കളഞ്ഞു ക്രിസ്തീയ വിശ്വാസം മുറുകെ പിടിക്കുകയാണ് ഉണ്ടായത്.
ഒരു പ്രെലോഭനങ്ങളിലും വഴങ്ങാത്ത സഹദായെ പീഡിപ്പിക്കുവാനും  കൊല്ലുവാനും കുപിതനായ ചക്രവര്‍ത്തി ഉത്തരവിട്ടു .വിചാരണക്ക് മുന്‍പ് തന്നെ തന്റെ എല്ലാ സ്വത്തുവകകളും ഗീവറുഗീസ് പാവങ്ങള്ക്ക് ദാനം ചെയ്തു. പടയാളികള്‍ അദ്ദേഹത്തെ തുറുങ്കിലടച്ചു. പലപ്രാവശ്യം അദ്ദേഹത്തെ വിഷം കൊടുത്തും മൂര്‍ച്ചയേറിയ ചക്രത്തില്‍ കെട്ടിയും തിളച്ച എണ്ണയില്‍ ഇട്ടും തീയിലിട്ടും മറ്റും കൊല്ലാന്‍ ശ്രമിക്കുകയും എന്നാല്‍ ദൈവകൃപയാല്‍ അതില്‍നിന്നെല്ലാം ഗീവറുഗീസ് രക്ഷപെടുകയും ചെയ്തു. കഠിനമായ പീഡനത്തിന് ഇടയിലും അദ്ദേഹം ക്രിസ്തുവിനെക്കുറിച്ചു ശക്തിയായി സുവിശേഷിച്ചു.
ഗീവറുഗീസിന്റെ സാക്ഷ്യം കണ്ട അലക്സാന്ദ്ര ചക്രവര്‍ത്തിനിയും അത്താനാസിയോസ് എന്ന റോമപുരോഹിതനും ക്രിസ്തുവില്‍ വിശ്വസിച്ചു. പീഡനത്തിന്റെ ഇടയില്‍ പോലും ചക്രവര്‍ത്തിയുടെ മരിച്ചുപോയ ഉറ്റസുഹൃത്തിനെ ദൈവശക്തിയാല്‍ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ വിശുദ്ധനു സാധിച്ചു. ഇതൊന്നും ചക്രവര്‍ത്തിയുടെ കഠിനഹൃദയത്തെ മാറ്റിയില്ല. അവസാനമായി വിശുദ്ധന്റെ സ്വന്തം ഇഷ്ടപ്രകാരം തലവെട്ടാന്‍ ചക്രവര്‍ത്തി ആജ്ഞാപിച്ചു. അങ്ങനെ AD 303 ല്‍ വെറും 23 വയസ്സുള്ള ഗീവറുഗീസ് ക്രിസ്തുവിനുവേണ്ടി സഹദാ (രക്തസാക്ഷി) ആയി. സഹദായുടെ ശരീരം തന്റെ മാതാവിന്റെ സ്ഥലമായ  ലിദ്ദയില്‍ അടക്കി. ഗീവറുഗീസ് സഹദായുടെ ഓര്‍മ്മ ഏപ്രില്‍ 23 ന് സഭ കൊണ്ടാടുന്നു.
യുസേബിയോസിന്റെ സഭാ ചരിത്രത്തില്‍ (Eusebius of Caesaria, AD 263 – 339) പറഞ്ഞിരിക്കുന്ന പേര് പറയാത്ത രക്തസാക്ഷി ഗീവറുഗീസ് ആണെന്ന് ഊഹിക്കാം.  “Immediately on the publication of the decree against the churches in Nicomedia, a certain man, not obscure but very highly honored with distinguished temporal dignities, moved with zeal toward God, and incited with ardent faith, seized the edict as it was posted openly and publicly, and tore it to pieces as a profane and impious thing; and this was done while two of the sovereigns were in the same city—the oldest of all, and the one who held the fourth place in the government after him. But this man, first in that place, after distinguishing himself in such a manner suffered those things which were likely to follow such daring, and kept his spirit cheerful and undisturbed till death.” (Eusebius, Church History, Book 8, Chapter 5)

ഗീവറുഗീസും പാമ്പും

ഗീവറുഗീസ് സഹദായുടെ പേരില്‍ പൊതുവെ കരുതപ്പെടുന്ന പാമ്പുമായി (dragon) ആയി ബന്ധപ്പെട്ടിട്ടുള്ള കഥ ചരിത്രപരമല്ല എന്നാണു പണ്ഡിതമതം. പന്ത്രണ്ടാം നൂറ്റാണ്ടിലോ മറ്റോ കുരിശുയുദ്ധക്കാര്‍ പ്രചരിപ്പിച്ച ഒരു കെട്ടുകഥയാണ് അത്. പുരാതന ക്രിസ്തീയ ഐക്കനോഗ്രാഫിയില്‍(ചിത്രകല) പിശാചിനെയും ദുഷ്ടതയെയും സൂചിപ്പിക്കാന്‍ പാമ്പിനെ ഉപയോഗിക്കാറുണ്ട്. ഗീവര്‍ഗീസിന്റെ ഐക്കണില്‍ വെള്ള കുതിര വിശുദ്ധിയേയും പാമ്പ് (dragon) പിശാചിനെയും / പ്രാകൃത റോമമതത്തെയും  സൂചിപ്പിക്കുന്നു. ചില പുരാതന രേഖകളില്‍ ഡയൊക്ലീഷന്‍ ചക്രവര്‍ത്തിയെ ഡ്രാഗണ്‍ (ho bythios drakon)എന്ന് വിളിച്ചിട്ടുണ്ട്. ക്രിസ്തീയ ഐക്കനില്‍ നിന്ന് കടം കൊണ്ട് പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഏതോ വ്യക്തി കെട്ടിച്ചമച്ചതായിരിക്കണം ഗീവര്‍ഗീസും പാമ്പും എന്ന കഥ. സഭയുടെ ആധികാരിക പഠനങ്ങളിലോ ആരാധനാക്രമത്തിലോ പിതാക്കന്മാരുടെ എഴുത്തുകളിലോ ചരിത്രത്തിലോ ഇപ്രകാരം ഒരു  സംഭവം നടന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല.

ഉപസംഹാരം

വിശുദ്ധന്‍ തന്റെ ബാല്യം മുതലേ മാമോദീസാ മുങ്ങി ക്രിസ്തുവിനെ അറിഞ്ഞു ജീവിച്ച വ്യക്തിയാണ്. അതാണ്‌ തന്റെ വിശ്വാസം ഇത്രയധികം ബലപ്പെടാനുള്ള ഒരു കാരണം. കൊടിയ പീഡനങ്ങളിലൂടെ കടന്നു പോകുമ്പോഴും നാഥനെ തള്ളിപ്പറയാതെ വിശുദ്ധി കാത്തുസൂക്ഷിച്ചത് തികച്ചും മാതൃകാപരമാണ്. ഗീവറുഗീസിന്റെ  ധൈര്യവും വിശ്വാസവും വിശുദ്ധിയും തീവ്രതയും നമുക്ക് മാതൃകയാവട്ടെ. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന നമുക്ക് കൊട്ടയായിരിക്കട്ടെ!
ചക്രത്തിന്മേല്‍ കണ്ടേന്‍ ന്യായ-സ്ഥാനേ
ബന്ധിതനാകും ഗീവറുഗീസ് – എന്നൊരു സേവകനെ
.  മേലും കീഴും – തീ ചൂഴുന്നവനെ
.  അംഗം പ്രതി വന്‍ – വേദനയവനേറ്റു
ഭയമെന്തിനു ഗീവറുഗീസേ – മകുടം നേടും നീ
ഇതി ജനനിക്കൊപ്പം റൂഹ – ധൈര്യമവനേകി
ഹാലേലുയ്യാ- ശക്തിപ്രദനഗ്ര്യന്‍

0 comments:

Post a Comment