Monday, July 15, 2013

നോമ്പും ഉപവാസവും പരിശുദ്ധ സഭയില്‍

ആധ്യാത്മിക ജീവിതത്തിന്റെ അടിസ്ഥാന ശിലകള്‍ ആയി വേണം നോമ്പ്, ഉപവാസം എന്നിവയെ കാണാന്‍. ഇവ ആത്മശുദ്ധീകരണതിനുള്ള അവസരങ്ങളാണ്. അതുകൊണ്ട് തന്നെ ആണ് നമ്മുടെ ക്രൈസ്തവ പാരമ്പര്യങ്ങളില്‍ നോമ്പിനും ഉപവാസതിനും സമുന്നത സ്ഥാനം നല്‍കിയിട്ടുള്ളത്‌. യേശു തമ്പുരാന്‍ തന്‍റെ പരസ്യ ശുശ്രുഷ ആരംഭിക്കുന്നതിനു മുന്‍പ്‌ നാല്‍പത്‌ നാള്‍ ഉപവസിച്ചതായി വി. വേദപുസ്തകം സാക്ഷ്യപ്പെടുത്തുന്നു. “പ്രാര്‍ത്ഥനയാലും ഉപവാസത്താലും അല്ലാതെ ഈ ജാതി നീങ്ങി പോകുന്നില്ല” (വി.മത്തായി 17:21). പിശാചിനോടുള്ള പോരാട്ടത്തെ ആണ് ഇവിടെ സൂചിപ്പിക്കുന്നത്.
ആദ്യ കാലം മുതല്‍ സഭയില്‍ ഉള്ളവയാണ് നോമ്പ്, ഉപവാസം, ബ്രഹ്മചര്യം, വര്‍ജ്ജനം ഇവയെല്ലാം. ഇവയുടെ എല്ലാം ഉദ്ദേശ്യം അനുതാപവും ആത്മസാക്ഷാത്കാരവും തന്നെ. ഭക്ഷണം അത്താഴം മാത്രം എന്നതായിരുന്നു ആദ്യകാലത്തെ രീതി. പിന്നീട് ഉപവാസം അപരാഹ്നം വരെ മതി എന്ന് ഇളവ് ചെയ്യപ്പെട്ടു. ആത്മാവിന്റെ പോഷണത്തിനും വളര്‍ച്ചക്കുമായി ദൈവം തന്നെ മനുഷ്യന് കല്പിച് നിശ്ചയിച്ചത്‌ ആണ് നോമ്പ്. യഥാര്‍ഥ നോമ്പ് ഉപവാസത്തോടു കൂടെയുള്ളതാകുന്നു. നോമ്പിനെ കുറിച്ചും ഉപവാസത്തെകുറിച്ചും വി.വേദപുസ്തകത്തില്‍ വിവിധ ഭാഗങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
1. നോമ്പ് ദൈവം ആദാമിന് കൊടുത്ത കല്‍പ്പന ആയിരുന്നു.“അറിവിന്‍ വൃക്ഷത്തില്‍ നിന്നും നീ തിന്നരുത് . എന്തെന്നാല്‍ അതില്‍ നിന്നും തിന്നുന്ന നാളില്‍ നീ മരിക്കും “ ഉല്പത്തി (2:17)
2. നോമ്പിനോടു കൂടി പ്രാര്‍ത്ഥന (എബ്രായര്‍ 8:23; ദാനിയേല്‍ 9:1,2)ഏറ്റുപറച്ചില്‍ (1ശമുവേല്‍ 7:6; നെഹമ്യ 9:1,2) വിലാപം (യോവേല്‍ 2:12)വിനയം (ആവര്‍ത്തനം 9:18) ഇവയെല്ലാം അത്യന്താപേക്ഷിതം ആണ്.
3. യഥാര്‍ഥ ഉപവാസതിനുള്ള വാഗ്ദാനം എന്താണെന്ന് വി. മത്തായി 6:16-18 വരെയുള്ള വാക്യങ്ങളില്‍ നിന്ന് നമുക്ക്‌ മനസിലാക്കാം: “നിങ്ങള്‍ ഉപവാസം അനുഷ്ഠിക്കുമ്പോള്‍ കപടഭാക്തന്മാരെ പോലെ നിങ്ങള്‍ ദുഃഖ ഭാവം ഉള്ളവരായിരിക്കരുത്. എന്തെന്നാല്‍ തങ്ങള്‍ ഉപവസിക്കുകയാനെന്നു മനുഷ്യര്‍ക്ക്‌ കാണുവാന്‍ വേണ്ടി അവരുടെ മുഖത്ത് ക്ഷീണ ഭാവം കാണിക്കുന്നു. സത്യമായിട്ടും ഞാന്‍ നിങ്ങളോട് പറയുന്നു അവരുടെ പ്രതിഫലം അവര്‍ പ്രാപിച്ചു കഴിഞ്ഞു. നീയോ ഉപവസിക്കുംപോള്‍ നിന്റെ മുഖം കഴുകി തലയില്‍ തൈലം പൂശുക. അങ്ങനെ ആയാല്‍ രഹസ്യതിലുള്ള നിന്റെ പിതാവിനല്ലാതെ നീ ഉപവസിക്കയാണെന്നു മനുഷ്യര്‍ക്ക്‌ കാണപ്പെടുകയില്ല. രഹസ്യത്തില്‍ കാണുന്ന നിന്റെ പിതാവ് നിനക്ക് പ്രതിഫലം തരും. “
4. നാം എങ്ങനെ ഉപവസിക്കണം? ആത്മ തപനതിനും ദൈവനാമതിലും ആയിരിക്കണം നാം ഉപവസിക്കേണ്ടത്. “ഞാന്‍ നോമ്പ് കൊണ്ട് എന്നെത്തന്നെ വിനയമുള്ളവനാക്കിയപ്പോള്‍ ഞാന്‍ അവര്‍ക്ക്‌ നിന്ദ്യനായി തീര്‍ന്നു.” (സങ്കീര്‍ത്തനം 69:10). നോമ്പ് നോക്കേണ്ട ആവശ്യം ഇല്ല എന്ന് വാദിക്കുന്ന നവീന ചിന്തഗതിക്കാര്‍ക്കുള്ള കൃത്യമായ മറുപടി തന്നെ ആണ് ഈ വാക്യം.
5. നമ്മുടെ കര്‍ത്താവ്‌, മോശ, ഏലിയാ, ദാവീദ്‌, നെഹമ്യ, ദാനിയേല്‍, ശ്ലീഹന്മാര്‍, യോഹന്നാന്റെ ശിഷ്യന്മാര്‍, ആദിമക്രിസ്ത്യാനികള്‍ എന്നിവരെല്ലാം നോമ്പും ഉപവാസവും ആചരിച്ചതായി വിശുദ്ധ വേദപുസ്തകം സാക്ഷ്യപ്പെടുത്തുന്നു.
6. കപടഭാക്തിക്കാരുടെ പ്രകടനതിനായുള്ള ഉപവാസം ദൈവം നിരസിക്കും എന്ന് വളരെ വ്യക്തമായി വേദപുസ്തകം പറയുന്നുണ്ട്.
7. ആദിമ സഭയില്‍ നിശ്ചിത നോമ്പുകളും ഉപവാസവും ഉണ്ടായിരുന്നു. നിഖ്യ സുന്നഹദോസിനു മുന്‍പ്‌ നാല്‍പ്പത്‌ നോമ്പുണ്ടായിരുന്നു. വി. അത്താനാസിയോസിന്റെ കാലത്ത്‌ അതു ആചരിച്ചിരുന്നു. വലിയ നോമ്പിന്റെ എല്ലാ ദിവസവും അപ്പവും വെള്ളവും മാത്രം കഴിച്ചിരുന്നതായി സഭാപിതാവായ ആയ തെര്‍ത്തുല്യന്‍ പറഞ്ഞിരിക്കുന്നു.
8. സഭ നോമ്പും ഉപവാസവും ക്രമീകരിചിരിക്കുന്നതിന്റെ പ്രധാന ഉദ്യേശ്യം :-
a) ജഡിക കാര്യങ്ങളേക്കാള്‍ ആത്മീക കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം എന്ന് പഠിപ്പിക്കുവാന്‍.
b) ആത്മസംയമനവും, പ്രാര്‍ത്ഥനയില്‍ ഉള്ള തീശ്നതയും വര്‍ധിപ്പിക്കാന്‍
c) സാത്താനെയും അവന്റെ പരീക്ഷണങ്ങളെയും ജയിപ്പാന്‍.
d) ആപത്ഘട്ടങ്ങളെ തരണം ചെയ്ത് ദൈവാനുഗ്രഹം ലഭിപ്പാന്‍.
e) ദൈവ നാമ മഹത്വത്തിനായി വന്കാര്യങ്ങള്‍ ചെയ്യുവാനുള്ള ശക്തി ലഭിപ്പാന്‍.
f) അതിഭക്ഷണത്തിനു പകരം മിതഭോജനം ശീലിക്കുവാന്‍.
g)ആത്മാവിനെ നിര്‍മലമാക്കാന്‍, നിഗളത്തെ ദൂരീകരിക്കുവാന്‍, വിനയത്തെ സ്വാംശീകരിക്കുവാന്‍.
9. നോമ്പാചരണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :-
a) സത്കര്‍മ്മങ്ങള്‍ ചെയ്യണം.
b) ഉപവാസം നല്ലതാണ്. എന്നാല്‍ ഒരുവന്‍ സ്നേഹം കൂടാതെ നോമ്പ്‌ നോറ്റാല്‍ അവന്റെ വ്രതം കൊണ്ട് യാതൊരു പ്രയോചനവും ഇല്ല. പ്രാര്‍ത്ഥന നല്ലതാണ്. എന്നാല്‍ സ്നേഹം അതിനെ കരേറ്റുന്നില്ലെന്കില്‍ അതിന്റെ ചിറക്‌ ബലഹീനം അത്രേ.
c) ഉപവാസതിനോപ്പം മനസ്സില്‍ നിന്ന് വൈരാഗ്യവും അസൂയയും നിശേഷം നീക്കിക്കളയുകയും ചെയ്യണം. “ദുര്‍വിചാരങ്ങളെ വെടിയാതെ ഭക്ഷണത്തെ മാത്രം വെടിഞ്ഞുള്ള നോമ്പ് വ്യര്‍ഥമായിട്ടുള്ളതാകുന്നു” എന്ന് നാം നോമ്പിലെ സന്ധ്യാനമസ്കാരത്തില്‍ ധ്യാനിക്കാറുണ്ടല്ലോ.
d) ദുര്‍വികാരങ്ങളില്‍ നിന്ന് ആത്മാവിനെ തടയണം.
e) നോമ്പില്‍ നാം പ്രാര്‍ത്ഥനാ നിരതര്‍ ആയിരിക്കണം.
f) നോമ്പിനാലും ഉപവാസതാലും  നാം ലാഭിക്കുന്ന അധിക ധനം ദാരിദ്യം അനുഭവിക്കുന്ന മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കുക. “അന്യായബന്ധനങ്ങളെ അഴിക്കുക; നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയക്ക; എല്ലാനുകത്തെയും തകർക്കുക; ഇതല്ലയോ എനിക്കു ഇഷ്ടമുള്ള ഉപവാസം? വിശപ്പുള്ളവന്നു നിന്റെ അപ്പം നുറുക്കിക്കൊടുക്കുന്നതും അലഞ്ഞുനടക്കുന്ന സാധുക്കളെ നിന്റെ വീട്ടിൽ ചേർത്തുകൊള്ളുന്നതും നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും നിന്റെ മാംസരക്തങ്ങളായിരിക്കുന്നവർക്കു നിന്നെത്തന്നേ മറെക്കാതെയിരിക്കുന്നതും അല്ലയോ?” (യശയ്യാ 58:6,7). മോര്‍ അഫ്രേം പാടുന്നതുപോലെ “നാല്‍പ്പതു നോമ്പോടഗതിക്കാര്‍ക്ക് അപ്പവുമെകി പോറ്റുക നീ”
നോമ്പും ഉപവാസവും ക്രൈസ്തവ പാരമ്പര്യത്തില്‍
ക്രൈസ്തവ സഭയില്‍ അതിന്റെ ആരംഭം മുതലേ നോമ്പിനും ഉപവാസതിനും വലിയ സ്ഥാനം കല്‍പ്പിച്ചിരിക്കുന്നു.രണ്ടാം നൂറ്റാണ്ടില്‍ സഭ ബുധനും വെള്ളിയും നോമ്പ് ആചരിച്ചിരുന്നു. ക്രിസ്തീയ വിശ്വാസം സ്വീകരിച്ച അക്രൈസ്തവര്‍ നോമ്പ് ആചരിച് ഒരുക്കതോട് കൂടി മാമോദീസ സ്വീകരിച്ചിരുന്നു. ആദ്യകാല മാമോദീസകള്‍ ഉയിര്‍പ്പ് പെരുന്നാളിന്റെ ദിവസത്തില്‍ ആയിരുന്നു നടതെപ്പെട്ടിരുന്നത്. ഉയിര്‍പ്പ് പെരുന്നാളിന് മുന്‍പ്‌ സഭ നാല്‍പ്പത്‌ ദിവസം ഉപവസിച്ചിരുന്നു. ജനങ്ങള്‍ നാല്‍പ്പത്‌ ദിവസം നോമ്പ്‌ എടുക്കണം. ഇത് അനുസരിക്കാത്തവര്‍ ഉയര്പ്പില്‍ സംബന്ധിക്കുവാന്‍ അയോഗ്യന്‍ ആകുന്നു എന്ന് സഭാ പിതാവായ അത്താനാസിയോസ്‌ രേഖപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ സഭയില്‍ അഞ്ചു നോമ്പുകള്‍ ആചരിക്കണം എന്നുള്ളത് നിര്‍ബന്ധമാണ്.
വലിയ നോമ്പ്‌ :- നാല്‍പ്പതു ദിവസവും നമ്മുടെ കര്‍ത്താവിന്റെ കഷ്ടാനുഭവ ധ്യാനവും ഉള്ള എട്ട് ദിവസവും അടങ്ങിയ വലിയ നോമ്പ്. നമ്മുടെ കര്‍ത്താവും മോശയും ഏലിയാവും നാല്‍പ്പതു നാള്‍ ഉപവസിച്ചു. നമ്മുടെ കര്‍ത്താവിന്റെ പീഡാനുഭവത്തിന്റെ നാളുകള്‍ കൂടി ഈ നോമ്പിന്റെ ആചരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
മൂന്നു നോമ്പ്‌ :- അമ്പതു നോമ്പിന് രണ്ടു ആഴ്ച മുന്‍പുള്ള ആഴ്ചയിലെ തിങ്കള്‍, ചൊവ്വ, ബുധന്‍ എന്നീ മൂന്നു ദിവസങ്ങള്‍. നിനുവേക്കാര്‍ ആചരിച്ച നോമ്പിനെ അനുസ്മരിപ്പിക്കുന്നതുകൊണ്ട് ‘നിനുവേ നോമ്പ്’ എന്നും വിളിക്കുന്നു.
ശ്ലീഹ നോമ്പ്‌:-  ജൂണ്‍ പതിനാറു മുതല്‍ ഇരുപത്തി ഒന്‍പതു വരെ. പന്ത്രണ്ട് ശ്ലീഹന്മാരുടെ ഓര്‍മ്മ ഉള്‍ക്കൊണ്ട പന്ത്രണ്ടു ദിവസം.
ശൂനോയോ നോമ്പ്‌ :- വി. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന്റെ ഒരുക്കം ആഗസ്റ്റ്‌ ഒന്ന് മുതല്‍ പതിനാല് വരെ.
യെല്‍ദോ നോമ്പ്‌ :- നമ്മുടെ കര്‍ത്താവിന്റെ ജനന പെരുന്നാളില്‍ അവസാനിക്കുന്നു.
വെടിപ്പോടും ഹൃദയ വിശുധിയോടും കൂടി നോമ്പ് നോല്‍ക്കാനും ദൈവത്തോട് കൂടെ ജീവിക്കാനും ആകല്‍ക്കറുസായെ ജയിക്കാനും സര്‍വശക്തന്‍ നമ്മെ പ്രാപ്തരാക്കട്ടെ!

0 comments:

Post a Comment