Friday, July 19, 2013

മലയാളത്തിലെ ആദ്യ വേദപുസ്‌തക വിവര്‍ത്തനം റമ്പാന്‍ ബൈബിള്‍


9.5 ഇഞ്ച്‌ നിളവും എട്ട്‌ ഇഞ്ച്‌ വീതിയും രണ്ടിഞ്ച്‌ കനവും 504 പേജുകളുമാണു മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്‌ത ആദ്യ വേദപുസ്‌തകത്തിലുള്ളത്‌. റമ്പാന്‍ പരിഭാഷപ്പെടുത്തിയതു കൊണ്ടു റമ്പാന്‍ ബൈബിളെന്നും ബുക്കാനന്‍ പ്രിന്റ്‌ ചെയ്‌തതിനാല്‍ ബുക്കാന്‍ ബൈബിളെന്നും കുറിയര്‍ പ്രസില്‍ അച്ചടിച്ചതിനാല്‍ കുറിയര്‍ ബൈബിളെന്നും വിളിക്കുന്നുണ്ട്‌.

ബര്‍ത്തലോമയുടെ ചുമതലയില്‍ 1714ല്‍ തമിഴിലേക്കാണു വേദപുസ്‌തകം ആദ്യമായി വിവര്‍ത്തനം ചെയ്യപ്പെട്ടത്‌. വില്യം കേറിയുടെ നേതൃത്വത്തില്‍ 1793ല്‍ ബംഗാളിയിലേക്കു വിവര്‍ത്തനം ചെയ്‌തു. മലങ്കര മെത്രാപ്പൊലീത്തയായിരുന്ന ആറാം മാര്‍ത്തോമ്മയുടെയും ക്ലോഡിയസ്‌ ബുക്കാനന്റെയും നിര്‍ദേശാനുസരണം 1807ലാണു വിശുദ്ധ വേദപുസ്‌തകം മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യാനുള്ള ചുമതല കായംകുളം ഫിലിപ്പോസ്‌ റമ്പാനെ ഏല്‍പ്പിച്ചത്‌.

1811ല്‍ ബോംബെയില്‍ കുറിയര്‍ പ്രിന്റേഴ്‌സില്‍ ആദ്യ മലയാള വേദപുസ്‌തകം അച്ചടിച്ചു. കായംകുളം മണങ്ങനഴികത്ത്‌ കുടുംബത്തില്‍ ഫിലിപ്പോസിന്റെയും ആച്ചിയമ്മയുടെയും മകനായി 1740ലാണു ഫിലിപ്പോസ്‌ റമ്പാന്‍ ജനിച്ചത്‌. ഫിലിപ്പോസ്‌ കത്തനാരുടെ കഴിവും പാണ്ഡിത്യവും തിരിച്ചറിഞ്ഞ്‌ ആറാം മാര്‍ത്തോമ്മ തന്റെ സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ചു. 1794 ഏപ്രില്‍ 18ന്‌ ആറാം മാര്‍ത്തോമ്മയും പരദേശി മെത്രാന്‍ മാര്‍ ഇവാനിയോസും ചേര്‍ന്നു ഫിലിപ്പോസ്‌ കത്തനാരെ റമ്പാന്‍ പദവിയിലേക്കുയര്‍ത്തി.

ഏഴാം മാര്‍ത്തോമ്മയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. എട്ടാം മാര്‍ത്തോമ്മയുടെ സെക്രട്ടറിയായി നിയമിതനായെങ്കിലും പിന്നീട്‌ പദവി ഉപേക്ഷിച്ചു. അടൂര്‍ കണ്ണകോട്‌ ദേവാലയത്തിലാണു ശിഷ്‌ടകാലം താമസിച്ചത്‌. 1812 ല്‍ ദിവംഗതനായി. 

0 comments:

Post a Comment