Thursday, July 18, 2013


പെന്തകോസ്ത് മതം അപ്പോസ്തോലിക സഭകളില്‍ നിന്ന് കൈക്കൊണ്ട പാരമ്പര്യങ്ങള്‍


പെന്തകൊസ്തുകാര്‍ പൊതുവേ പാരമ്പര്യത്തിന് എതിരാണ് എന്ന് പറയുമെങ്കിലും ധാരാളം കാര്യങ്ങള്‍ അവര്‍ അപ്പോസ്തോലിക സഭകളില്‍ നിന്നും മറ്റു മതങ്ങളില്‍ നിന്നും കടം കൊണ്ടിട്ടുണ്ട്. അവയില്‍ അപ്പോസ്തോലിക സഭയില്‍ നിന്ന് കടം കൊണ്ടിട്ടുള്ള ഏതാനും ചില കാര്യങ്ങള്‍ മാത്രം വിശദീകരിക്കാന്‍ തുനിയുന്നു.

1. വി. ബൈബിള്‍

വിശുദ്ധ ബൈബിള്‍ ക്രിസ്ത്യാനികളുടെ ഗ്രന്ഥമാണ്. ബൈബിളില്‍ അത് സ്വയം ദൈവവചനം ആണെന്നോ അതില്‍ എത്ര പുസ്തകങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട് എന്നോ വിശദീകരിച്ചിട്ടില്ല. ബൈബിള്‍ ക്രോഡീകരിച്ചതും അതില്‍ ഏതൊക്കെ പുസ്തകങ്ങള്‍ വേണം എന്ന് തീരുമാനിച്ചതും പരിശുദ്ധ സഭയാണ്. ബൈബിള്‍ ദൈവവചനം ആണെന്ന് പഠിപ്പിച്ചതും പരിശുദ്ധ സഭയാണ്. പരിശുദ്ധ സഭയുടെ ബൈബിള്‍ എടുത്തു അതില്‍ നിന്ന് ഏതാനും പുസ്തകങ്ങള്‍ എടുത്തുകളഞ്ഞ് സ്വന്തം മതഗ്രന്ഥം രൂപീകരിക്കുകയായിരുന്നു. എന്നിട്ട് സഭയുടെ പുസ്തകം കൊണ്ട് സഭയെ അളക്കാന്‍ ആണ് ഇന്ന് പെന്തകോസ്ത് സഹോദരങ്ങള്‍ ശ്രമിക്കുന്നത് എന്നതാണ് വൈരുധ്യാത്മകത!

2. “Fr. ” (ഫാ.) എന്നതിന് പകരം “Pr.” (പാ.)

ക്രിസ്തീയ പുരോഹിതന്മാര്‍ സാധാരണ സ്വന്തം പേരിനു മുന്‍പില്‍ “Fr.” ചേര്‍ക്കും. Father എന്നതിന്റെ ചുരുക്ക രൂപമാണ് അത്. പെന്തകൊസ്തിന്റെ ശൈശവ ദിശയില്‍ അതില്‍ ഉപദേശിമാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് പാസ്റ്റര്‍ സ്ഥാനം ഉത്ഭവിച്ചു. അതിനു ശേഷം ക്രിസ്തീയ പുരോഹിതന്മാരുടെ പാരമ്പര്യം ഉള്‍ക്കൊണ്ടു പേരിനു മുന്‍പില്‍ “Pr. ” എന്ന് ചേര്‍ക്കുന്നതും ആരംഭിച്ചു.

3. ഓര്‍ഡിനേഷന്‍

പെന്തകോസ്ത് ആരംഭിച്ച നാളുകളില്‍ ഓര്‍ഡിനേഷന്‍ എന്നൊന്ന് പെന്തകൊസ്തില്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദശാബ്ദത്തില്‍ പാസ്റ്റര്‍മാര്‍ ദൈവവചനത്തില്‍ നിന്ന് “കണ്ടുപിടിച്ച” ഒരു കാര്യമാണ് ഓര്‍ഡിനേഷന്‍. പൊതുവേ പൌരോഹിത്യം ഇല്ലെന്നു പറഞ്ഞു നടക്കുന്നു എങ്കിലുംഅപ്പോസ്തോലിക സഭയിലെ പട്ടംകോടയും/തിരുപ്പട്ട സ്വീകരണവും (ordination) പെന്തകോസ്ത് ഓര്‍ഡിനേഷനും തമ്മില്‍ ബാഹ്യത്തില്‍ വത്യാസമോന്നും ഇല്ല. ഒരു പ്രധാന കാര്യത്തില്‍ അല്ലാതെ: അപ്പോസ്തോലിക സഭയില്‍ അപ്പോസ്തോലിക കൈവെപ്പ് ഉണ്ട് (അപ്പോസ്തോലന്മാരില്‍ നിന്ന് തലമുറയായി കൈമാറിയത്). എന്നാല്‍ പെന്തകൊസ്തില്‍ ഉള്ളത് കുക്ക് സായിപ്പിന്റെ കൈവെപ്പും.

4. “Rev.” (റവ.) അഥവാ Reverend

ക്രിസ്തീയ പുരോഹിതന്മാരെ മറ്റുള്ളവര്‍ സംബോധന ചെയ്യുമ്പോള്‍ “Reverend” (Rev.) എന്ന് ചേര്‍ത്ത് സംബോധന ചെയ്യാറുണ്ട്. ഉദാഹരണത്തിന്  തോമസ്‌ എന്ന പുരോഹിതന്‍  സ്വയം “Fr. Thomas” എന്നും മറ്റുള്ളവര്‍ അദ്ദേഹത്തെ “Rev. Fr. Thomas” എന്നും സംബോധന ചെയ്യും. “ബഹുമാനപ്പെട്ട” എന്നതാണ് ഇതിന്റെ അര്‍ഥം.
എന്നാല്‍ ഈയിടെയായി ഓര്‍ഡിനേഷന്‍ പെന്തകൊസ്തില്‍ ആരംഭിച്ചു. ഓര്‍ഡിനേഷന്‍ കിട്ടിയ പാസ്റ്റര്‍മാര്‍ പേരിനു മുന്‍പില്‍ സ്വയം “Rev.” (റവ.) വെക്കും. എന്നാല്‍ അപ്പോസ്തോലിക സഭകളില്‍ നിന്ന് അല്‍പ്പം വത്യസ്തമായി ഒരു പാസ്റ്റര്‍ സ്വയം  “Reverend” എന്ന്  വിളിക്കും. “ബഹുമാനപ്പെട്ട ഞാന്‍ ” എന്നതുപോലെ !!!!

5. മാമോദീസക്ക് പകരം “ശിശുപ്രതിഷ്ഠ”

അപ്പോസ്തോലിക സഭകളില്‍ ശിശുക്കളെ മാമോദീസ നല്‍കി സഭയില്‍ സ്വീകരിക്കുകയും രക്ഷ നല്‍കുകയും ചെയ്യുന്നു. ഇത് തികച്ചും വേദപുസ്തകത്തില്‍ അടിസ്ഥാനപ്പെടുതിയുള്ളത് ആണെന്ന് അന്യത്ര തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ പെന്തകൊസ്തുകാര്‍ ഇത് നഖശിഖാന്തം എതിര്‍ക്കുന്നു, ചില മുട്ടാപ്പോക്ക് ന്യായങ്ങളുടെ പേരില്‍. എന്നാല്‍ പ്രത്യക്ഷത്തില്‍ തങ്ങള്‍ തലമുറകള്‍ ആയി അനുഷ്ഠിച്ച ശിശുസ്നാനം ഉപേക്ഷിക്കാനും വഹിയാ! അതിനു പാസ്റ്റര്‍മാര്‍ കണ്ടുപിടിച്ച മാര്‍ഗമാണ് “ശിശുപ്രതിഷ്ഠ” എന്നാ അതിമനോഹരമായ ആചാരം. ശിശുക്കളെ പെന്തകോസ്ത് ആലയത്തില്‍ കൊണ്ടുവരുക, പാസ്റ്റര്‍ ആ ശിശുവിനെ കൈയ്യിലെടുത്തു പ്രതിഷ്ഠിക്കും. ഇതിനു പ്രത്യക്ഷത്തില്‍ ബൈബിള്‍ അടിസ്ഥാനം ഇല്ലെന്നുള്ളത് ബൈബിള്‍ ഒരു തവണ എങ്കിലും വായിച്ചിട്ടുള്ളവര്‍ക്ക് മനസ്സിലാകും. യേശുവോ അപ്പോസ്തോലാന്മാരോ ഒരു ശിശുവിനെയും പ്രതിഷ്ഠിച്ചിട്ടില്ല, അപ്രകാരം ചെയ്യാനും പഠിപ്പിച്ചിട്ടില്ല. ബൈബിളില്‍ അങ്ങനെ ഒരു ഉപദേശമേ ഇല്ല.

6. തക്സാ / ശുശ്രൂഷാക്രമങ്ങള്‍ക്ക്‌ പകരം “പെന്തകോസ്ത് ശുശ്രൂഷാ സഹായി”

പെന്തകൊസ്തുകാര്‍ ആദിമ കാലഘട്ടങ്ങളില്‍ ക്രമീകൃത ശുശ്രൂഷകളെ അമ്പേ എതിര്ത്തിട്ടുല്ലവരായിരുന്നു. എന്നാല്‍ ഈ എതിര്‍പ്പ് മൂലം യാതൊരു ക്രമീകരണവും ഇല്ലാത്ത ഒരു ആരാധനാ രീതി പെന്തകൊസ്തില്‍ നിലവില്‍ വന്നു. പാസ്റ്റര്‍ എങ്ങനെ ക്രമീകരിക്കുന്നോ അതാണ്‌ ആരാധന. ഇത് നേതൃത്വത്തെ വല്ലാതെ കുഴച്ചു. അവസാനം അവര്‍ പുറത്തു വന്നത് “ശുശ്രൂഷകള്‍ ചന്തവും ഉചിതവും” ആക്കാന്‍ “ശുശ്രൂഷാ സഹായികളു” മായിട്ടാണ്. രണ്ടു ശുശ്രൂഷാ സഹായികളെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയാം. അവ വായനക്കാരെ പരിചയപ്പെടുത്തുന്നു.

7. കുരിശ്

ക്രിസ്തുവിനെ തറച്ചത് കുരിശില്‍ ആണ് എന്നുള്ളത് അപ്പോസ്തോലിക പാരമ്പര്യമാണ്. ബൈബിള്‍ അപ്രകാരം വ്യക്തമായി പറഞ്ഞിട്ടില്ല! വായനക്കാര്‍ ഞെട്ടണ്ട. ബൈബിള്‍ പുതിയനിയമം എഴുതപ്പെട്ടത് ഗ്രീക്ക് ഭാഷയിലാണ്. “കുരിശ് ” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദം “σταυρός ” (Stauros) എന്നതാണ്. ഈ ഗ്രീക്ക് പദം ആദ്യ നൂറ്റാണ്ടുകളില്‍ കുത്തനെ നാട്ടിയിരിക്കുന്ന വധശിക്ഷ നല്‍കുന്ന ഒന്നിനെ സൂചിപ്പിക്കുന്നതാണ്. Stauros – ന് കുരിശു രൂപം ആണെന്ന് ബൈബിളില്‍ നിന്ന് സൂചന കിട്ടുന്നില്ല എന്നതാണ് സത്യം. യേശുവിനെ കൊന്നത് കുരിശില്‍ ആണെന്നുള്ളത്‌ അപ്പോസ്തോലിക പാരമ്പര്യം ആണ്. അതായത്, യേശു മരിച്ചത് കുരിശില്‍ ആണെന്ന് മനസ്സിലാക്കാന്‍ അപ്പോസ്തോലിക പാരമ്പര്യം കൂടിയേ തീരൂ..പരിഭാഷകളില്‍ കുരിശ് / സ്ലീബാ /cross എന്ന് കാണുന്നുണ്ടെങ്കില്‍ അത് പാരമ്പര്യത്തില്‍ നിന്ന് കടം കൊണ്ടതാണ്. (കുറിപ്പ് : അപ്പോസ്തോലിക പാരമ്പര്യം അംഗീകരിക്കാത്ത യഹോവ സാക്ഷികള്‍, യേശു കുത്തനെ നിര്‍ത്തിയിരിക്കുന്ന ഒരു മരത്തടിയില്‍ മരിച്ചു എന്നാണു വിശ്വസിക്കുന്നത് . )
ആദ്യകാല പെന്തകൊസ്തുകാര്‍ കുരിശുധ്വംസകരായിരുന്നു.കുരിശു കണ്ടാലേ അവര്‍ കലി തുള്ളുമായിരുന്നു. എന്നാല്‍ കാലാന്തരത്തില്‍ നിലനില്‍പ്പിന്റെ ഭാഗമായി അവര്‍ കുരിശും സ്വീകരിച്ചു. കുരിശ് അപ്പോസ്തോലിക പാരമ്പര്യം ആണെങ്കില്‍ ആ പാരമ്പര്യം ആണ് അവര്‍ സ്വീകരിച്ചത്. പ്രധാനപ്പെട്ട പെന്തകോസ്ത് സഭയുടെ ലോഗോയില്‍ കുരിശ് ഉണ്ട്. കേരളത്തിന്‌ പുറത്തു ഒട്ടുമിക്ക പെന്തകോസ്ത് ആലയങ്ങളുടെ മുകളിലും കുരിശ് കാണും. ബാഹ്യകേരളത്തില്‍ കുരിശ് ഉപയോഗിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകാരം കിട്ടില്ല എന്ന മുട്ടാപ്പോക്ക് വാദമാണ്  അവര്‍ കുരിശിനെ ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ അങ്ങനെ ഒരു നിയമം ഇല്ലെന്നുള്ളതാണ് സത്യം.

8. പെന്തകോസ്ത് ശോശപ്പാ

ക്രിസ്ത്യാനികള്‍ വിശുദ്ധ കുര്‍ബാനയ്ക്ക് അനഫോറക്ക് മുന്‍പ് അപ്പ – വീഞ്ഞുകളെ മൂടാന്‍ ഉപയോഗിക്കുന്ന വിശേഷപ്പെട്ട വസ്ത്രമാണ് “ശോശപ്പാ ” എന്ന് പറയുന്നത്. എന്നാല്‍ അപ്പോസ്തോലിക സഭകളില്‍ നിന്ന് പെന്തകൊസ്ഥിലേക്ക് കുടിയേറിയവര്‍ ഈ ശോശപ്പായെ കൂടെ കൂട്ടാന്‍ മറന്നില്ല. പെന്തകൊസ്തിലെ “അപ്പം മുറിക്കല്‍ ശുശ്രൂഷയില്‍” അപ്പതിനെയും വീഞ്ഞിനെയും മൂടാന്‍ ഒരു വെള്ള തുണി ഉപയോഗിക്കുന്നു. ഇത് ശോശപ്പായുടെ വകഭേദം തന്നെ! പൊടിയോ മറ്റോ വീഴാതിരിക്കാന്‍ ആണ് ഇത് എന്നാണു പെന്തകോസ്ത് സഹോദരങ്ങളുടെ വാദം. എന്നാല്‍ പെന്തകൊസ്തില്‍ അപ്പം മുറിക്കല്‍ ശുശ്രൂഷയില്‍ അപ്പവും വീഞ്ഞിനും പ്രത്യേകം മൂടിയുള്ള പാത്രമുണ്ട്. അപ്പോള്‍ വെള്ളത്തുണി പൊടി ചാടാതിരിക്കാന്‍ ഉള്ളതല്ലെന്നു വ്യക്തം.

9. സഭാഭരണ രീതി

ബൈബിളില്‍ സഭയിലെ കേന്ത്രീകൃത ഭരണ സംവിധാനത്തെപ്പറ്റി പറയുന്നില്ല. അതുകൊണ്ട് ആദ്യകാലഘട്ടങ്ങളില്‍ ഓരോ പെന്തകോസ്ത് ആലയവും സ്വതന്ത്രമായ ഒരു സഭയായിരുന്നു. അപ്പോസ്തോലിക സഭകളിലെ കേന്ത്രീകൃത ഭരണ സംവിധാനം അവര്‍ നഖശിഖാന്തം എതിര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിലനില്‍പ്പിന്റെ ഭാഗമായി സംഘടനാസഭകള്‍ നിലവില്‍ വന്നു. IPC, Sharon Fellowship, Church of God, Assemblies of God, The Pentecostal Mission മുതലായവ ആണ് പ്രധാനപ്പെട്ട സംഘടനകള്‍. ഇപ്പോള്‍ ഓരോ ആലയത്തിനും ഒരു പാസ്റ്റര്‍, അതിനു മുകളില്‍ സെന്റര്‍ പാസ്റ്റര്‍, അവരെ ഭരിക്കാന്‍ പ്രസിഡന്റ്‌ / ഓവര്‍സീയര്‍ ! സഭാകാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ പ്രേസ്ബിറ്ററി യോഗവും.

10. വാര്‍ഷിക കണ്‍വെന്‍ഷന്‍

അപ്പോസ്തോലിക സഭകളില്‍ ഇടവകകളില്‍ പെരുന്നാള്‍ ഉണ്ട്. ഇടവകയുടെ കൂട്ടായ്മക്കും ഒരുമിച്ചു പ്രാര്‍ഥിക്കുന്നതിനും വേണ്ടിയാണ് വര്‍ഷത്തില്‍ ഒരു പ്രാവശ്യം പ്രധാന പെരുന്നാള്‍ ആഘോഷിക്കുന്നത്. അകലങ്ങളില്‍ ആയിരിക്കുന്ന കുടുംബാംഗങ്ങള്‍ ഒരുമിച്ചു ചേരുന്ന ഒരു സമയമായും ഈ പെരുന്നാള്‍ ദിനങ്ങള്‍ മാറുന്നു. ക്രിസ്ത്യാനികള്‍ പെന്തകോസ്ത് മതത്തിലേക്ക് ചേക്കേറിയപ്പോള്‍ പെരുന്നാളിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു. എന്നാല്‍ പെരുന്നാളായി നടത്തിയാല്‍ പറ്റില്ലല്ലോ. അതുകൊണ്ട് പെന്തകൊസ്തീകരിച്ച പെരുന്നാള്‍ ആണ് “വാര്‍ഷിക കണവന്‍ഷന്‍”. ഇന്ന് ഇപ്പറഞ്ഞത്‌ ഇല്ലാത്ത ഒരു പെന്തകോസ്ത് സഭാപോലും ഇല്ല.

11. ദേവാലയ കൂദാശ അഥവാ ആലയ പ്രതിഷ്ഠ !

അപ്പോസ്തോലന്മാര്‍ യഹൂദ ദേവാലയത്തിന് അന്യമായി ആലയം ഉണ്ടാക്കി എന്നോ അത് പ്രതിഷ്ഠിച്ചു എന്നോ ബൈബിള്‍ തെളിവില്ല. വീടുകളില്‍ കൂടി വന്നതായി അപ്പോസ്തോല പ്രവൃത്തികളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യ കാലങ്ങളില്‍ പെന്തകൊസ്തുകാര്‍ ഇതനുസരിച്ച് വീടുകളില്‍ ആണ് കൂടി വന്നു ആരാധന നടത്തിയിരുന്നത്. എന്നാല്‍ പിന്നീട് ഫെയ്ത്ത് ഹോമുകള്‍ വന്നു. ഫെയ്ത് ഹോമുകള്‍ ഇപ്പോള്‍ “ആലയങ്ങള്‍” ആണ്. ആലയം ആയാല്‍ അത് കൂദാശ ചെയ്യണ്ടേ? അതിനാണ് “ആലയ പ്രതിഷ്ഠ”

0 comments:

Post a Comment