Monday, July 15, 2013

വാങ്ങിപ്പോയവര്‍ മരിച്ചവരോ? അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണമോ?

മരണവും മരണാനന്തരജീവിതവും എക്കാലവും മനുഷ്യബുദ്ധിക്കു അതീതമാണ്. എന്നാല്‍ മനുഷ്യജീവിതത്തെ നമുക്ക് മൂന്നായി തിരിക്കാം. ഒന്ന് അമ്മയുടെ ഉദരം മുതല്‍ ഈ ലോകത്ത് നിന്നും വേര്‍പെടും വരെയുള്ള ഒന്നാം ഘട്ടം. രണ്ടാമതായി ഇവിടെ നിന്നും വേര്‍പെട്ടതിന്‍റെ ശേഷം കര്‍ത്താവിന്‍റെ രണ്ടാം വരവ് വരെയുള്ള ഘട്ടം. മൂന്നാമതായി കര്‍ത്താവിന്‍റെ വരവിനു ശേഷം അവനോടുള്ള നിത്യവാസത്തിന്‍റെ കാലം. ഇതില്‍ രണ്ടാം ഘട്ടത്തില്‍ മനുഷ്യാത്മാവിന്‍റെ അവസ്ഥ എന്ത് എന്നത് ഇന്നത്തെ ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ പ്രബലമായ വാദങ്ങള്‍ക്ക് കാരണമാണ്. എന്നാല്‍ ബൈബിള്‍ ഇതേപറ്റി എന്തുപറയുന്നു എന്ന് നമുക്ക് നോക്കാം.

എന്താണ് ‘സഭ’ ?

ക്രിസ്തുവിന്‍റെ ശരീരം എന്നും കര്‍ത്താവിന്‍റെ മണവാട്ടി എന്നും ദൈവത്തിന്‍റെ മന്ദിരം എന്നും പൌലോസ് അപ്പോസ്തോലന്‍ പറയുന്നു. എഫേ 2:20-21 “ക്രിസ്തുയേശു തന്നെ മൂലകല്ലായിരിക്കെ നിങ്ങളെ അപ്പോസ്തോലന്മാരും പ്രവാചകന്മാരും എന്നാ അടിസ്ഥാനത്തിന്മേല്‍പണിതിരിക്കുന്നു. അവനില്‍ കെട്ടിടം മുഴുവനും യുക്തമായി ചേര്‍ന്ന് കര്‍ത്താവില്‍ വിശുദ്ധ മന്ദിരമായി വളരുന്നു.” ഇവിടെ വളരുന്നു എന്നത് വര്‍ത്തമാനകാലം ആണ്. അതായത് മരണത്തോടെ അല്ലെങ്കില്‍ ഈ ലോകത്തിലെ വേര്‍പാടോടെ അപ്പോസ്തോലന്മാരും പ്രവാചകന്മാരും നിര്‍ജീവമായാല്‍ അടിസ്ഥാനമാകുന്ന അവര്‍ ഇല്ലതാകില്ലേ അപ്പോള്‍ അടിസ്ഥാനം ഇളകിയാല്‍ സഭക്ക് നിലനില്‍പ്പുണ്ടോ? മന്ദിരം വളരുമോ? അപ്പോള്‍ ക്രിസ്തുവാകുന്ന മൂലകല്ലില്‍ അനുദിനം വളരുന്ന വിശ്വാസികളുടെ സമൂഹമാണ് സഭ. ഈ ലോകത്തിലെ വേര്‍പാടിന് അതില്‍ നിന്നും നമ്മെ മാറ്റിനിര്‍ത്താന്‍ സാധിക്കയില്ല. ചുരുക്കി പറഞ്ഞാല്‍ ജീവിച്ചിരിക്കുന്നവരും വാങ്ങിപ്പോയവരും ആയ വിശ്വാസികള്‍ ഉള്‍ക്കൊള്ളുന്നതാണ് സഭ.

മരിച്ചവര്‍ ആര്?

മനുഷ്യന്റെ സത്വത്തെ ദേഹം,ദേഹി,ആത്മാവ് ഇങ്ങനെ മൂന്നായി തിരിക്കാം (1 തെസ്സലോനിക്യര്‍ 5:23). ഇതില്‍ ദേഹവും ദേഹിയും എല്ലാ ജീവജാലങ്ങള്‍ക്കും ഉണ്ടെങ്കിലും ആത്മാവ് മനുഷ്യര്‍ക്കു മാത്രം ഉള്ളതാണ് (ഉല്പ 2:7). ശരീരത്തിന്‍റെ വളര്‍ച്ചക്ക് ഭൗതിക ആഹാരം ആവശ്യമാണെന്നത് പോലെ ആത്മീകവളര്‍ചക്ക് ദൈവീകബെന്ധവും പ്രാര്‍ത്ഥനയും ആവശ്യമാണ്‌. ആദാമിനോട് ദൈവം പറഞ്ഞു “തിന്നുന്ന നാളില്‍ മരിക്കും”. എന്നാല്‍ ആദം ജഡത്തില്‍ മരിച്ചില്ല പിന്നെയോ ആത്മാവില്‍ മരിച്ചു എന്ന് നാം വിശ്വസിക്കണം. ഇല്ലഞ്ഞാല്‍ ദൈവം കള്ളം പറയുന്ന ആളാണ് എന്ന് വരും! ഒപ്പം പുതിയനിയമത്തില്‍ പറയുന്നതുപോലെ “പാപത്തിന്‍റെ ശമ്പളം മരണം അത്രേ” (റോമ 6:23). “ഈ എന്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു ” (ലൂക്കോ 15:24) എന്ന് മുടിയനായ പുത്രന്റെ പിതാവ് പറയുന്നതും ഈ ആത്മീക മരണത്തെ ഉദ്ദേശിച്ചാണ്.

വിശ്വാസിക്ക്  മരണമില്ല!

യേശു ക്രിസ്തു തന്നെ പറയുന്നു, യോഹന്നാന്‍:11:26 “ജീവിച്ചിരുന്നു എന്നില്‍ വിശ്വസ്സിക്കുന്നവന്‍ ആരും ഒരു നാലും മരിക്കയില്ല”. അങ്ങനെയെങ്കില്‍ ഈ ലോകവേര്‍പാട് ഒരിക്കലും ഒരു വിശ്വാസിയെ നിര്‍ജീവ അവസ്ഥയിലേക്ക് നയിക്കുന്നില്ല. ലുകോസ്:23:43, വലതുവശത്തെ കള്ളനോട് ക്രിസ്തു പറയുന്നു “ഇന്ന് നീ എന്നോട് കൂടെ പറുദീസ്സയില്‍ ഇരിക്കും”. ഇവിടെ പറയുന്നത് ഈ ലോകത്ത് നിന്ന് വേര്‍പെട്ടശേഷം കള്ളന്‍ ക്രിസ്തുവിനെ കാണും ഒപ്പം ഇരിക്കും എന്നാണ്. അപ്പോള്‍ ഒരു സജീവ അവസ്ഥയാണ്‌ അവിടെയും സൂചിക്കപെടുന്നത്. ഒപ്പം പൌലോസ് പറയുന്നു “വിട്ടുപിരിഞ്ഞു ക്രിസ്തുവിനോട് കൂടെ ഇരിപ്പാന്‍ എനിക്ക് കാംക്ഷയുണ്ട്. അത് അത്യുത്തമമല്ലോ.” (ഫിലി 1:23). അപ്പോള്‍ പൌലോസ് ശ്ലീഹാക്കറിയാം ഈ ലോകത്ത് നിന്നും വിട്ടുപിരിഞ്ഞാല്‍ താന്‍ ക്രിസ്തുവിനോട് കൂടെ ആയിരിക്കും. അപ്പോള്‍ അത് സജീവമായ ഒരു സന്തോഷത്തിന്‍റെ അനുഭവമാണ് എന്നുള്ളത് കൊണ്ടാണ് അതില്‍ പൌലോസ് ശ്ലീഹ സന്തോഷിക്കുന്നത്. “ദൈവമോ മരിച്ചവരുടെ ദൈവമല്ല. ജീവനുള്ളവരുടെ ദൈവം അല്ലോ. എല്ലാവരും അവനു ജീവിച്ചിരിക്കുന്നു” (ലുക്കോസ്:20:37-38). അപ്പോള്‍ ദൈവമക്കള്‍ ആയ എല്ലാവരും ഏപ്പോഴും ദൈവത്തിനു ജീവിച്ചിരിക്കുന്നു. ഇതില്‍ നിന്നൊക്കെ മനസ്സിലാകുന്നത്‌ സത്യവിശ്വാസിക്ക്‌ മരണം ഇല്ല എന്നുള്ള സത്യമാണ്.

വാങ്ങിപോയവര്‍ക്ക് പ്രതികരിക്കാന്‍ കഴിയും

യേശു ലാസറിന്‍റെ കല്ലറക്കല്‍ എത്തി “പുറത്തു വരിക” എന്ന് പറഞ്ഞപ്പോള്‍ ലാസറിന്‍റെ ആത്മാവ് സജീവ അവസ്ഥയില്‍ ആയതുകൊണ്ടാണ് അത് കേട്ടതും ശരീരത്തോട് ഒന്നിച്ചു പുറത്തുവന്നതും. അപ്പോള്‍ സജീവഅവസ്ഥയില്‍ ആയിരുന്ന ലസരിന്‍റെ ആത്മാവ് ദൈവത്തിന്‍റെ വിളി കേട്ടൂ. മറുരൂപമലയില്‍ മോശയും ഏലിയാവും ഇറങ്ങിവന്നു യേശുവിനോട് തനിക്കു ഭാവിയില്‍ യെരുശ്ലെമില്‍ നടക്കാനിരിക്കുന്ന നിര്യാണത്തെ പറ്റിയാണ് സംസാരിക്കുന്നത് (ലുക്കോസ്:9:31). അപ്പോള്‍ വാങ്ങിപോയവര്‍ക്ക് പറയാനും ചിന്തിക്കാനും കേള്‍ക്കാനും മനസ്സിലാക്കാനും ഉള്ള കഴിവുണ്ട് എന്ന് നമുക്ക് കാണാം. മരിച്ചുപോയ ശമുവേല്‍ പ്രവാചകന്‍ ശൌലിനോട് തനിക്കു വരുവാനിരിക്കുന്ന വിപത്തിനെ പറ്റി പറയുന്നത് നമുക്ക് കാണാം (1 ശമുവേല്‍:28:15-19). ക്രിസ്തു പാതാളത്തില്‍ ചെന്ന് ആത്മാക്കളോട് സുവിശേഷം അറിയിച്ചതായും 1 പത്രോസ്:3:19 -ല്‍ നാം കാണുന്നു. അവര്‍ക്ക് കേള്‍ക്കാനും കാണാനും ഗ്രെഹിക്കാനും കഴിവില്ലെങ്കില്‍ കര്‍ത്താവു അവരോടു സംഭാഷിച്ചത് അര്‍ത്ഥശൂന്യം അല്ലെ? അപ്പോള്‍ വാങ്ങിപോയവര്‍ക്ക് കാണാനും കേള്‍ക്കാനും പറയാനും ചിന്തിക്കാനും മനസ്സിലാക്കാനും ഉള്ള കഴിവുണ്ട്.  ഈ വിഷയത്തില്‍ കൂടുതല്‍ അറിയുന്നതിന് ഞങ്ങളുടെ “വാങ്ങിപോയവര്‍ കര്‍ത്താവിന്റെ വരവുവരെയുള്ള ഉറക്കത്തിലോ?” എന്ന ലേഖനം കാണുക.

വാങ്ങിപോയവര്‍ക്ക് ദൈവത്തെ സ്തുതിക്കാന്‍ സാധിക്കും

സങ്കീര്‍ത്തനം 115:17-18 ല്‍ പറയുന്നു “മരിച്ചവരും മൌനതയിലിരങ്ങുന്നവരും ആരും ദൈവത്തെ സ്തുതിക്കുന്നില്ല നാമോ ഇന്ന് മുതല്‍ എന്നാളും ദൈവത്തെ സ്തുതിക്കും.” ഇവിടെ ആത്മാവില്‍ മരിച്ചവര്‍ ആരും ദൈവത്തെ സ്തുതിക്കുന്നില്ല എന്നു പറയുന്നുണ്ട് എന്നാല്‍ സ്തുതിക്കാന്‍ കഴിയില്ല എന്ന് പറയുന്നില്ല. പക്ഷെ ആത്മാവില്‍ ജീവിക്കുന്നവര്‍ എന്നാളും ദൈവത്തെ സ്തുതിക്കും എന്ന് ദാവീദു രാജാവ് വലിയ ഒരു ഗണത്തോട് ചേര്‍ന്ന് നിന്നുകൊണ്ട് പറയുന്നു. വീണ്ടും ദാവീദ് രാജാവ് പറയുന്നു സങ്കീര്‍ത്തനം 118:17 ല്‍ പറയുന്നു “ഞാന്‍ മരിക്കയില്ല :ഞാന്‍ ജീവനോടെയിരുന്നു യഹോവയുടെ പ്രവര്‍ത്തികളെ വര്‍ണ്ണിക്കും.” താന്‍ മരിക്കയില്ല എന്നും ജീവനോടെയിരുന്നു ദൈവീകനന്മകളെ വര്‍ണ്ണിക്കും എന്നും വളരെ വിശ്വസ്സത്തോടെ ഇവിടെ ദാവീദ് മഹാരാജാവ് പറയുന്നു. ഉല്പത്തി 4:10; എബ്രായര്‍:11:4 എന്നീ വാക്യങ്ങളില്‍ മരണശേഷം ഹാബേല്‍ ദൈവത്തോട് നിലവിളിക്കുന്നതായും വിശ്വാസത്താല്‍ സംസാരിക്കുന്ന്നതായും കാണാന്‍ സാധിക്കും. ഫിലി 1:4 ല്‍ പറയുന്നു “നിങ്ങളില്‍ നല്ല പ്രവര്‍ത്തികളെ ആരംഭിച്ചവന്‍ യേശുക്രിസ്തുവിന്‍റെ നാളോളം അതിനെ തികക്കും” അപ്പോള്‍ നാം ആത്മീകമായി നല്ല കാര്യങ്ങളെ ആരംഭിച്ചാല്‍ കര്‍ത്താവിന്‍റെ രണ്ടാം വരവ് വരെ അതിനെ തികക്കും എന്നാണ് പറഞ്ഞിരിക്കുന്നത് അല്ലാതെ ഈ ലോകത്തിലെ വിടവാങ്ങലോടെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ അവസ്സാനിക്കുന്നില്ല. എബ്രായര്‍12:1 -ല്‍ ഒരു വലിയ സാക്ഷികളുടെ സമൂഹത്തെ പറ്റി പറയുന്നു (ആകയാല്‍ നാമും സാക്ഷികളുടെ ഇത്ര വലിയ ഒരു സമൂഹം നമുക്ക് ചുറ്റും നില്‍ക്കുന്നതുകൊണ്ടും..). ഈ സാക്ഷികളുടെ സമൂഹം ഹാബേല്‍ മുതല്‍ ദൈവത്തിനു വേണ്ടി പീഡകള്‍ സഹിച്ച എല്ലാവരും ഉള്‍പെടുന്ന സമൂഹമാണെന്നു എബ്രായര്‍ പതിനൊന്നാം അധ്യായം അവസാനഭാഗത്തിലേക്ക് വരുമ്പോള്‍ നമുക്ക് മനസ്സിലാക്കാം. അതുകൊണ്ട് അവര്‍ ഇന്നും നമുക്ക് ചുറ്റും നില്‍ക്കുന്നു എന്നാണ് പൌലോസ് ശ്ലീഹ പറയുന്നത്. അങ്ങനെയെങ്കില്‍ വാങ്ങിപോയവര്‍ക്ക് ദൈവത്തെ സ്തുതിക്കാന്‍ തീര്‍ച്ചയായും സാധിക്കും.

വാങ്ങിപോയവര്‍ക്കായി പ്രാര്‍ത്ഥിക്കണമോ?

ഉല്പത്തി: 50:3 യാകോബ് മരിച്ച ശേഷം യിസ്രായേല്‍ ജനം എഴുപതു ദിവസ്സം അവന്നായി വിലാപം കഴിച്ചു. ആവര്‍ത്തനം 34:8 മോശയെ കുറിച്ച് യിസ്രായേല്‍ മക്കള്‍ വിലാപം കഴിച്ചു. 1 ശമുവേല്‍:31:13 ശൌലിന്‍റെയും പുത്രന്മാരുടെയും അസ്ഥികളെ അടക്കം ചെയ്തു ഏഴു ദിവസ്സം ഉപവസിച്ചു. അപോസ്തോ 8:2 സ്തെഫനോസ്സിനെ അടക്കം ചെയ്തു ഭക്തിയുള്ള പുരുഷന്മാര്‍ അവനെ കുറിച്ച് ഒരു വലിയ പ്രലാപം കഴിച്ചു. ഒപ്പം ന്യായാധിപന്‍റെ പുസ്തകത്തില്‍ ആണ്ടുതോറും യിഫ്താഹിന്‍റെ മകളുടെ കല്ലറയില്‍ പോകുന്നത് ഒരു ആചാരമായി മാറി (ന്യായാധി 11:40). ഒപ്പം 2 മക്കാബിയര്‍ 12:45, ബാരൂക് 3:4 എനോക്ക് 103:4 എന്നീ പുസ്തകങ്ങളിലും വാങ്ങിപോയവര്‍ക്കായി യഹൂടസഭയില്‍ പല ആചാരങ്ങളും നിലവിലിരുന്നു എന്നും അവരുടെ കല്ലറകള്‍ സംരക്ഷിക്കപെട്ടിരിക്കുന്നു എന്നും നമുക്ക് മനസിലാക്കാം. ഇങ്ങനെയുള്ള ആചാരങ്ങള്‍ നിലവിലിരുന്ന ഒരു സമൂഹത്തില്‍ അവരെ തിരുത്തുമ്പോള്‍ ചെയ്യുന്നതെറ്റുകളെ വിമര്‍ശിക്കുമ്പോള്‍ ഇതി തെറ്റായിരുന്നെങ്കില്‍ കര്‍ത്താവും ശ്ലീഹന്മാരും വെക്തമായി പറഞ്ഞു തരേണ്ടതായിരുന്നു. എന്ന് മാത്രമല്ല സ്തെഫാനോസ് ശെമ്മാശന് വേണ്ടി ഭക്തിയുള്ള പുരുഷന്മാര്‍ ഒരു പ്രലാപം കഴിക്കുകയും ചെയ്യുന്നതായി നമുക്ക് കാണാം (അപ്പൊ 8:2). പഴയ നിയമത്തിലും പുതിയ നിയമത്തിലും ”വിലാപം കഴിക്കുക” എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് എന്തായിരിക്കും? മുപ്പതോ മറ്റോ ദിവസം വെറുതെ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു എന്നാണോ നാം മനസ്സിലാക്കേണ്ടത്? അതോ ഉപവസിച്ചു അവരുടെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചുവെന്നോ? ഇതിലോക്കെയും പ്രാധാന്യമുള്ള ഒരു വചനമാണ് 1 കൊരിന്ത്യ 15:29. ഇവിടെ മരിച്ചവര്‍ക്കായി പോലും സ്നാനം ഏല്‍ക്കാന്‍ ജീവിച്ചിരുന്നവര്‍ തയരായതായും സഭ അത്തരം ഒരു പാരമ്പര്യം തുടര്‍ന്നിരുന്നതും മരിച്ചവര്‍ക്കായുള്ള കര്‍മ്മങ്ങള്‍ സഭയില്‍ നടത്തിയിരുന്നതായി സൂചിപ്പിക്കുന്നു.

ഉപസംഹാരം

മുകളില്‍ ചര്‍ച്ചചെയ്തത്തില്‍ നിന്ന്  മനസ്സിലാവുന്നത് വാങ്ങിപ്പോയവര്‍ മരിച്ചവരല്ല എന്നതാണ്.  സകല വാങ്ങിപ്പോയവരെയും ഭൂമിയിലുള്ളവര്‍ പ്രാര്‍ഥിക്കുന്നു. വാങ്ങിപ്പോയവര്‍ ഭൂമിയിലുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു. അങ്ങനെ സഭയിലെ അംഗങ്ങള്‍ ക്രിസ്തുവിന്റെ ശരീരത്തിലെ  അവയവങ്ങള്‍ എന്നവണ്ണം കൂട്ടായ്മയില്‍ വര്‍ത്തിക്കുന്നു. കാണപ്പെടാത്ത വാങ്ങിപ്പോയവരെ മാറ്റി നിര്‍ത്തുന്നവര്‍ ക്രിസ്തുവിന്റെ ശരീരത്തെ രണ്ടു ഭാഗമായി കാണുന്നവരാണ്.  കാണപ്പെടാത്ത അവയവങ്ങള്‍  ശരീരത്തിന്റെ ഭാഗമല്ലെന്നോ പ്രവര്‍തിക്കുന്നില്ലെന്നോ പറയുന്നവര്‍ തീര്‍ച്ചയായും വേദവിപരീതികള്‍ ആണ്.

0 comments:

Post a Comment