Wednesday, July 10, 2013

കിഴക്കോട്ടു തിരിഞ്ഞു പ്രാര്‍ഥിക്കുന്നത് സൂര്യനമസ്കാരമോ?

എന്തുകൊണ്ടാണ് കിഴക്കോട്ടു നോക്കി പ്രാര്‍ത്ഥിക്കുന്നത്‌ ? കിഴക്കോട്ടു നോക്കി പ്രാര്‍ത്ഥിക്കുന്നത്‌ സൂര്യ നമസ്കാരം അല്ലെ? ഏതു ദിശയിലേക്കു നോക്കി പ്രാര്‍ത്ഥിച്ചാലും ദൈവം കേള്‍ക്കില്ലേ? ദൈവം എല്ലാ ഇടത്തും സന്നിഹിതനല്ലേ? ‍ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ശ്രമിക്കുന്നു.
ഓര്‍ത്തോഡോക്സ് വിശ്വാസത്തില്‍ പ്രാര്‍ത്ഥനകളെ   രണ്ടായി ‍ തിരിക്കാം – വ്യക്തിപരമായ പ്രാര്‍ഥനകള്‍ (personal prayer)എന്നും,സമൂഹ ആരാധനകള്‍ (communal worship) എന്നും. വ്യക്തിപരം ആയ പ്രാര്‍ഥനകള്‍ എപ്പോള്‍ വേണമെങ്കിലും നടത്താം; ഇതു ദിശയിലേക്കു തിരിഞ്ഞും ഇതു ശാരീരിക നില സ്വീകരിച്ചും പ്രാര്‍ഥിക്കാം. രാവിലെ എഴുന്നേറ്റു മുഖം കഴുകുന്നത് മുതല്‍ കിടക്കുന്നത് വരെ നമുക്ക് വ്യക്തിപര പ്രാര്‍ഥനകള്‍ ഉണ്ട്.  എന്നാല്‍ സമൂഹ ആരാധന അങ്ങനെ അല്ല.
ദാനിയേല്‍ ഊര്‍ശലേം ദേവാലയത്തിലേക്ക് മുഖം തിരിച്ചു പ്രാര്‍ഥിച്ചു എന്ന് ബൈബിള്‍ നാം വായിക്കുന്നു. (ദാനിയേല്‍ 6 :10 ) അതായിരുന്നു യഹൂദ പാരമ്പര്യം. അപോസ്തോലന്മാര്‍ യഹൂദര്‍ ആയതിനാല്‍ ആദിമ സഭയിലും ഈ പാരമ്പര്യം പിന്തുടര്‍ന്നു . ഊര്‍ശലേം ദേവാലയം നശിപ്പിക്കപ്പെട്ടതോടെ നിത്യമായ “സ്വര്‍ഗ്ഗീയ ഊര്‍ശലേം” എന്ന ഒരു ചിന്ത ഉയര്‍ന്നു വന്നു. അങ്ങനെ ആണ് കിഴക്ക് ഉള്ള സ്വര്‍ഗ്ഗീയ ഊര്‍ശലേമിലേക്ക് മുഖം തിരിച്ചു പ്രാര്‍ഥക്കുക എന്ന രീതി അപോസ്തോലന്മാര്‍ സ്വീകരിച്ചത്.   സൂര്യന്‍ കിഴക്ക് ഉദിക്കുന്നു. പൊന്‍ പുലരി ആയ;  നീതി സൂര്യന്‍ ആയ ക്രിസ്തുവിനെ സ്മരിക്കാന്‍ കിഴക്കോട്ടു തിരിഞ്ഞു നിന്ന് പ്രാര്‍ഥിക്കണം എന്ന് പരക്കെ അന്ഗീകരിക്കപ്പെട്ടു.

ബൈബിള്‍ അടിസ്ഥാനം

1. “അനന്തരം യഹോവയായ ദൈവം കിഴക്കു ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.” (ഉല്പത്തി 1 :8 ) നാം വിട്ടു പോന്ന ഏദന്‍ പറുദീസയെ  കാംഷിച്ചുകൊണ്ട് കിഴക്കോട്ടു നോക്കി പ്രാര്‍ഥിക്കുന്നു.
2. “യഹോവയുടെ തേജസ്സു കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിൽ കൂടി ആലയത്തിലേക്കു പ്രവേശിച്ചു” (യേഹേസ്കേൽ 43 :4 ) കര്‍ത്താവിന്റെ തേജസ് കിഴക്ക് നിന്ന് വന്നതുകൊണ്ട് അത് വിശുദ്ധ ദിശയാണ്.
4. “മിന്നൽ കിഴക്കു നിന്നു പുറപ്പെട്ടു പടിഞ്ഞാറോളം വിളങ്ങുംപോലെ മനുഷ്യപുത്രന്റെ വരുവു ആകും” (മത്തായി 24 :27 ) ക്രിസ്തു കിഴക്ക് നിന്ന് വരും എന്ന യുഗാന്ത്യദൈവശാസ്ത്രം (Escatology ) അനുസരിച്ച് കിഴക്കോട്ടു നോക്കി പ്രാര്‍ഥിക്കുന്നത് ക്രിസ്തുവിന്റെ വരവിനെ പ്രതീക്ഷിക്കുന്നതിനു തുല്യം ആയ ആത്മീയ അര്‍ഥം നല്‍കപ്പെട്ടു.

ആദിമ സഭാ പിതാക്കന്മാരുടെ വാക്കുകള്‍

1. The Holy Apostles have therefore decreed, first, that people should pray towards the East, because, that as the lightning that flashes from the East, and is seen unto the West, thus shall be the coming of the Son of Man. By this let us know and understand when we pray, that He shall be seen from the East, and towards it we expect Him and we worship Him. [പരിശുദ്ധ അപോസ്തോലന്മാര്‍ ഇപ്രകാരം ഭരമെല്‍പ്പിച്ചു: ഒന്നാമതായി കിഴക്കോട്ടു നോക്കി പ്രാര്‍ഥിക്കണം, കാരണം, മിന്നല്‍ കിഴക്കുനിന്നു പുറപ്പെട്ടു പടിഞ്ഞാറോളം വിളങ്ങുന്നതുപോലെ മനുഷ്യപുത്രന്റെ വരവ് ഉണ്ടാകും. അതുകൊണ്ട് നാം കിഴക്കോട്ടു നോക്കി പ്രാര്‍ഥിക്കുമ്പോള്‍ അവന്റെ വരവ് പ്രതീക്ഷിക്കുകയും അവനെ ആരാധിക്കുകയും ചെയ്യുന്നു എന്ന് നാം മനസ്സിലാക്കുന്നു. ]   (Didascalia Apostolorum ; AD 230)
2. .”….. that when ye stand to pray the rulers may stand first, afterwards the laymen, and then the women also, for towards the East it is required that ye should pray….” [നിങ്ങള്‍ പ്രാര്‍ഥിക്കാന്‍ നില്‍ക്കുമ്പോള്‍ ആദ്യം പുരോഹിതര്‍ നില്‍ക്കട്ടെ, അതിനു ശേഷം അല്മായര്‍, പിന്നീട് സ്ത്രീകളും. നില്‍ക്കുന്നത് കിഴക്കോട്ടു ആയിരിക്കണം] (Didascalia Apostolorum; AD 230)
3. “.the direction of the rising sun obviously indicates that we ought to pray inclining inthat direction, an act that symbolizes the soul looking toward the dawn of the true light,the sun of justice, Jesus Christ.” [നാം ഉദയ സൂര്യന്റെ ദിശയിലേക്കു നോക്കി പ്രാര്‍ഥിക്കണം. അത് നമ്മുടെ ആത്മാവ്, ക്രിസ്തു ആകുന്ന പൊന്‍പുലരിയിലെക്കും നീതിസൂര്യനായവനിലെക്കും നോക്കി പ്രാര്‍ഥിക്കുന്നതിന്റെ സൂചന നല്‍കുന്നു]  (Origen, De Orat.; AD 250)

സൂര്യ നമസ്കാരം അല്ല

കിഴക്കോട്ടു നോക്കി പ്രാര്തിക്കുന്നത് സൂര്യ നമസ്കാരം അല്ല. ഓര്‍ത്തോഡോക്സ് ക്രിസ്ത്യാനികള്‍ക്ക് ഏഴു നേരം പ്രാര്‍ഥനകള്‍ ഉണ്ട്. നമ്മുടെ പ്രാര്‍ഥനകള്‍ സൂര്യ നമസ്കാരങ്ങള്‍ ആണെങ്കില്‍ രാവിലെ കിഴക്കോട്ടും, ഉച്ചക്ക് മലന്നു കിടന്നും, വൈകിട്ട് പടിഞ്ഞാറോട്ട് തിരിഞ്ഞും, രാത്രി സമയങ്ങളില്‍ കമിഴ്ന്നു കിടന്നും പ്രാര്‍ഥിക്കണമായിരുന്നു. എന്നാല്‍ ഓര്‍ത്തോഡോക്സ്കാര്‍ നമസ്കരിക്കുന്നത് എല്ലാ നേരത്തും കിഴക്കോട്ടു തിരിഞ്ഞു നിന്ന് മാത്രം ആണ്.

ചുരുക്കത്തില്‍

കിഴക്കോട്ടു തിരിഞ്ഞു നിന്ന് കൈകള്‍ നെഞ്ചത്ത്‌  അടക്കി നിന്ന്, സമയാസമയങ്ങളില്‍ ‍ കുമ്പിട്ടു ആരാധിക്കുക എന്നുള്ളതാണ് ഓര്‍ത്തോഡോക്സ് പാരമ്പര്യം. അതൊരു ക്രമവും ചിട്ടയും ആണ്. ആദിമ സഭ മുതല്‍ ‍ തുടര്‍ന്ന് വരുന്ന പാരമ്പര്യം. ഇത് സഭയുടെ യുഗന്ത്യോന്മുഖതയെ (Escatology) ആണ് സൂചിപ്പിക്കുന്നത് – അതായത് ക്രിസ്തുവിന്റെ വരവിനെ സഭ എന്നും പ്രതീക്ഷിക്കുന്നു. അല്ലാതെ വട്ടം കൂടി നിന്നും ഒരാള്‍ വടക്കോട്ടും ഒരാള്‍ കിഴക്കോട്ടും ഒക്കെ തിരിഞ്ഞു നിന്ന് ആരാധിക്കുന്ന അടുക്കും ചിട്ടയും ഇല്ലാത്ത ആരാധന അല്ല നമുക്ക്‍. “ദൈവം കലക്കത്തിന്റെ ദൈവമല്ല സമാധാനത്തിന്റെ ദൈവമത്രേ.” (1 കോരി ‍ 14 : 33 )

0 comments:

Post a Comment