Wednesday, July 10, 2013

നാം ത്രിത്വത്തില്‍ വിശ്വസിക്കണോ? (Should we believe in Trinity?)

  • 5.00 / 5 5
  • 1 / 5
ക്രൈസ്തവ വിശ്വാസത്തിന്‍റെ ശൈശവദശമുതല്‍ ഉണ്ടായിട്ടുള്ള തര്‍ക്കം ആയിരുന്നു “ത്രിത്വം” സംബന്ധിച്ച്. അത് നൂറ്റാണ്ടുകള്‍ പിന്നിട്ടു. ഇന്നും ത്രിത്വ വിശ്വസം അംഗീകരിക്കാത്ത ക്രിസ്ത്യാനികള്‍ എന്ന് വിളിക്കപ്പെടുന്ന ഒരു ചെറു ന്യൂനപക്ഷതിലൂടെ തുടര്‍ന്ന് വരുന്നു. മാത്രമല്ല ഈ അടുത്ത കാലത്തായി നമ്മുടെ സഭയിലെയും സഹോദര സഭകളിലെയും വിശ്വാസികളെ ഇത്തരക്കാര്‍ ആശയകുഴപ്പത്തില്‍ ആക്കി  സത്യവിശ്വാസത്തില്‍ നിന്നും വ്യതിചലിപ്പിക്കുന്ന പ്രവണത  കൂടുതല്‍ കണ്ടുവരുന്നു. പലപ്പോഴും ഇതര മതസ്ഥരും  “എന്താണ് ത്രിത്വം ?എന്താണ് അതിന്‍റെ വേദ പുസ്തക അടിസ്ഥാനം? അത് ഏക ദൈവ വിശ്വാസത്തിന് വിരുദ്ധമല്ലേ ?” തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിക്കുകയും നമ്മുടെ സഹോദരങ്ങള്‍‍ അത് വിശദീകരിച്ചു കൊടുക്കാന്‍ കഴിയാതെയും അതിന്‍റെ വേദപുസ്തക അടിസ്ഥാനം എന്തെന്ന് തെളിയിക്കാന്‍ സാധിക്കതെയും കുഴങ്ങുന്നത് കണ്ടിട്ടുണ്ട്. അതുകൊണ്ട് എന്താണ് ത്രിത്വം, ത്രിത്വത്തെ പറ്റി ബൈബിള്‍ എന്ത് പറയുന്നു, ദൈവം ഒരാള്‍ ആണോ അതോ മൂന്നു വ്യക്തിത്വങ്ങള്‍ ആണോ?  എന്നീ കാര്യങ്ങളെ പറ്റി ഞങ്ങളാല്‍ ആകുന്ന ഒരു ബോധവല്‍കരണം നടത്തേണ്ടത് ആവശ്യം ആണെന്ന് തോന്നിയത് കൊണ്ട് ഈ ലേഖനത്തിലൂടെ അതിനു   മുതിരുന്നു.

എന്താണ് അത്രിത്വവിശ്വാസം (non-trinitarianism)?

ക്രിസ്തീയതയുടെ അടിസ്ഥാനമായ ത്രിയേക ദൈവ സങ്കല്പതിനെ പൂര്‍ണമായോ ഭാഗികമായോ നിഷേധിക്കുന്ന എല്ലാ “ക്രൈസ്തവം” എന്നറിയപ്പെടുന്ന വിശ്വാസ സംഹിതകളും ‘അത്രിത്വവിശ്വാസം’ എന്ന് തന്നെയാണ് അറിയപ്പെടുന്നത്. ഈ മാനദണ്ഡം വെച്ച് അളക്കുകയാണെങ്കില്‍ ഹോവ സാക്ഷികള്‍ (Jehovah Witnesses), ലെയ്റ്റർ ഡേ സെയ്ന്‍റ്‌ മൂവ്മെന്‍റ് (Latter Day Saint Movement), ശാബതുകാർ (Seventh Day Adventists), യുനിറ്റെറിയന്‍സ് (Unitarianism) വണ്നെസ്സ് പെന്തകൊസ്തലിസം (Oneness Pentecostalism) തുടങ്ങിയ പ്രസ്ഥാനങ്ങളെ ഈ പരിധിയില്‍ പെടുത്താവുന്നതാണ്. പക്ഷെ പിതാവിനെയും പുത്രനെയും പരിശുധത്മാവിനെയും പറ്റിയുള്ള ഇവരുടെ വീക്ഷണങ്ങളും വൈരുദ്ധ്യാത്മകം ആണ് എന്ന്  ഇവരുടെ വിശ്വാസസംഹിതകള്‍ പരിശോധിച്ചാല്‍ നമുക്ക്  മനസിലാകാന്‍ കഴിയും.

എന്താണ് ത്രിത്വം ?

ക്രിസ്തീയ ത്രിത്വവിശ്വാസത്തെ പറ്റി നമുക്ക് ഇവിടെ ഒന്ന് ലളിതമായി മനസിലാക്കാന്‍ ശ്രമിക്കാം.
ത്രിത്വത്തിലെ ഒന്നാമത്തെ ആള്‍, തന്‍റെ ഏകജാതനായ പുത്രനെ അനാദിയായി ജനിപ്പിച്ചതിനാല്‍   പിതാവ് എന്നു വിളിക്കപ്പെടുന്നു. ഒന്നാമത്തെ ആളെന്നതിന് പ്രായത്തിലോ മഹത്ത്വത്തിലോ മറ്റുരണ്ടാളുകളേയും അതിശയിക്കുന്നവനെന്ന് അര്‍ത്ഥമില്ല. രണ്ടാമത്തെ ആള്‍  പുത്രന്‍ എന്ന് വിളിക്കപ്പെടുന്നു. ക്രൈസ്തവ വിശ്വാസം അനുസരിച്ച് പിതാവില്‍  നിന്ന് ആദിയില്‍  ജന്മമെടുത്തവനെങ്കിലും പുത്രന്‍ പിതാവിന്‍റെ സൃഷ്ടിയല്ല. ജനിച്ചവൻ ആണെന്ന് കരുതി പുത്രൻ പിതാവിനേക്കാൾ പ്രായക്കൂടുതൽ ഉള്ളവനല്ല. പുത്രനെ സൂചിപ്പിക്കാന്‍  ദൈവവചനം എന്ന സങ്കല്പം വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഇതിന്‍റെ  ഏറ്റവും പ്രസിദ്ധമായ ഉദാഹരണം യേശുവിനെ മാംസരൂപമെടുത്ത വചനമെന്നു വിശേഷിപ്പിക്കുന്ന യോഹന്നാന്‍റെ സുവിശേഷത്തിന്‍റെ ആമുഖമാണ്. ത്രിത്വത്തിലെ മൂന്നാമത്തെ ആള്‍  പരിശുദ്ധാത്മാവ് എന്ന് വിളിക്കപ്പെടുന്നു. പരിശുദ്ധാത്മാവിനെ, പിതാവില്‍ നിന്ന് പുറപ്പെടുകയും പുത്രനില്‍ നിന്ന് എടുക്കുകയും ചെയ്യുന്നു എന്ന് പൗരസ്ത്യസഭകളും പിതാവില്‍ നിന്നും പുത്രനില്‍ നിന്നും പുറപ്പുടുന്നവനെന്നു പാശ്ചാത്യ സഭയും വിശേഷിപ്പിക്കുന്നു. സാമാന്യമായി പറയുകയാണെങ്കില്‍ പിതാവ് ദൈവിക ശക്തിയും പുത്രന്‍ ദൈവികജ്ഞാനത്തെയും പരിശുധത്മാവു ദൈവിക സ്നേഹത്തെയും പ്രതിനിധീകരിക്കുന്നു എന്ന് പറയാം. പക്ഷെ ഈ ഗുണങ്ങള്‍ ഓരോരുത്തരുടെയും പ്രത്യേകതയായി  മാത്രം ആരോപിക്കാനും സാധ്യമല്ല.

ബൈബിള്‍ എന്താണ് പറയുന്നത്?

ബൈബിളില്‍ ത്രിത്വം എന്നൊരു വാകുണ്ടോ? ഉണ്ടെങ്കില്‍ ബൈബിളില്‍  അതെങ്ങനെ പരാമര്‍ശിച്ചിരിക്കുന്നു? സാധൂകരിക്കുന്ന ഭാഗങ്ങള്‍ ഏതൊക്കെ? പഴയ നിയമത്തിന്റെയും പുതിയ നിയമത്തിന്റെയും അടിസ്ഥാനത്തില്‍ നമുകൊന്നു പരിശോധിക്കാം.

ത്രിത്വം പഴയ നിയമത്തില്‍

യെശ 48:16-ലും, 61:1-ലും  പിതാവിനേയും പുത്രനെയും പരിശുദ്ധാത്മാവിനേയും പറ്റി പറയുന്നതു നമുക്  വായിക്കാം. അത് പോലെ തന്നെ സങ്കീ 2:7,12; പരിശോധിക്കുമ്പോള്‍ യാഹോവയ്ക്ക് ഒരു പുത്രന്‍ ഉള്ളതായി പറയുന്നത് നമുക്ക് കാണുവാന്‍ സാധിക്കുന്നുണ്ട്. മാത്രമല്ല ആത്മാവ് ദൈവത്തില് നിന്നും വിഭിന്നനാണെന്നു സങ്കീ 51:10-12 വായിക്കാന്‍ കഴിയും. ഉല്പ 1:2, സങ്കീ 104:30 എന്നീ  ഭാഗങ്ങള്‍ വായികുമ്പോള്‍  പിതാവ് തന്‍റെ വേല ചെയ്യുന്നത് പരിശുദ്ധാത്മാവ് എന്ന മാദ്ധ്യമത്തില് കൂടെയാണ് എന്ന് ധ്വനിപ്പിക്കുന്നതു കാണാന്‍ സാധിക്കും.
ത്രിത്വം പുതിയ നിയമത്തില്‍
പല ക്രിസ്ത്യാനികള്‍ക്കും ത്രിത്വം എന്താണ് എന്ന് നിര്‍വചിക്കാന്‍ സാധിക്കാത്തത്തിന്റെ  കാരണം അത് എളുപ്പത്തില് വിശദീകരിക്കുവാനോ മനസിലാക്കുവാനോ   സാധിക്കുകയില്ല എന്നതിനാലാണ്. ദൈവംമനുഷ്യനെക്കാള്‍  അപരിമിതമായി വലിയവനായതിനാല്‍ ദൈവത്തെപ്പറ്റി പൂര്‍ണ്ണമായി മനസ്സിലാക്കുവാന് നമുക്ക് സാധിക്കുകയില്ലല്ലോ. ബൈബിള് വ്യക്തമായി പഠിപ്പിക്കുന്ന സത്യം പിതാവ് ദൈവമാണ്, പുത്രന് ദൈവമാണ്, പരിശുദ്ധാത്മാവും ദൈവമാണ് എന്നാണ്. ബൈബിള് വ്യക്തമായി പഠിപ്പിക്കുന്ന മറ്റൊരു കാര്യം ദൈവം ഏകനാണ് എന്ന സത്യമാണ്. ത്രിത്വത്തിലുള്ള മൂവരുടേയും അന്വേന്യ ബന്ധങ്ങളെപ്പറ്റി പല കാര്യങ്ങള് നമുക്കു മനസ്സിലാക്കമെങ്കിലും അത് പൂര്‍ണ്ണമായി ഗ്രഹിക്കുവാന് സാധിക്കുകയില്ല. അതുകൊണ്ട് അത് വാസ്തവമല്ല  എന്നോ വേദാധിഷ്ടിതമല്ലെന്നോ വരുന്നില്ല. ഇതേ പറ്റി ചിന്തിക്കുമ്പോള്‍ ആദ്യം മനസിലാക്കേണ്ടത് ത്രിത്വം എന്നാ വാക് ബൈബിള്‍ എവിടെയും ഉപയോഗിച്ചിട്ടില്ല എന്നാണ്. എന്ന് കരുതി അത് ഒരിക്കലും ബൈബിള്‍ വിരുദ്ധമോ ക്രൈസ്തവ വിരുദ്ധമോ ആകുന്നില്ല. ത്രിത്വം എന്നാ വാകില്‍ നിന്നും മനസിലെക്കണ്ടത് ദൈവത്തിന്റെ എല്ലാ ഗുണങ്ങളും  ഉള്ള മൂന്നു പേര്‍ നിത്യതയില്‍ നിന്നും ഉണ്ടായിരുന്നുഎന്നാണ്. ഇത് കൊണ്ട് മൂന്നു ദൈവങ്ങള്‍ ഉണ്ടായിരുന്നു എന്നും അര്‍ത്ഥമാക്കുന്നില്ല. ത്രിത്വം എന്ന വാക്ക് മൂന്നു വിഭിന്ന ആളത്വങ്ങളുള്ള ഏക ദൈവത്തെ കുറിക്കുന്നതാണ്. ഈ വാക്ക് ബൈബിളില്‍  ഇല്ലാത്തതുകൊണ്ട് അതുപയോഗിക്കുവാന് പാടില്ല എന്ന് പറയുന്നതും ഒരു അര്‍ത്ഥമില്ലാത്ത വാദം ആണ്. ആ വാക്ക്കൊണ്ട് ഉദ്യേശിച്ചിരിക്കുന്ന   ആശയം ബൈബിള്‍ ഉണ്ടോ എന്ന് എന്ന് മാത്രം നാം ചിന്തിച്ചാല്‍ മതിയാകും.
പുതിയനിയമത്തില്‍  ത്രിത്വത്തിലെ മൂന്നു വ്യക്തിത്വങ്ങളും  ഒന്നിച്ച് പരാമര്‍ശിക്കപ്പെടുന്ന   ഭാഗങ്ങളില്‍  ഒരുപക്ഷേ ഏറ്റവും പഴയത് കൊരിന്ത്യര്‍ക്ക്  എഴുതിയ രണ്ടാം ലേഖനത്തിന്റെ അവസാനമാണ്. അതില്‍  പൗലോസ് ശ്ലീഹ കൊരിന്ത്യര്‍ക്ക്  “കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ” എന്ന് ആശംസിക്കുന്നത് കാണാം. പുതിയ നിയമത്തില്‍ ത്രിത്വത്തിന് തെളിവായി നമുക്ക് നല്കാന്‍ സാധിക്കുന്ന മറ്റൊരു ഭാഗം മത്തായിയുടെ സുവിശേഷത്തില്‍ 28:19 വാക്യത്തില്‍ യേശു ശിശ്യന്മാരോട് എല്ലാ രാജ്യങ്ങളിലും ചെന്ന് ജനങ്ങളെ പിതാവിന്‍റെയും പുത്രന്‍റെയും പരിശുധത്മാവിന്‍റെയും പേരില്‍ സ്നാനപ്പെടുത്താന്‍ പറഞ്ഞ വാക്യം ആണ്. യോഹന്നാന്‍റെ സുവിശേഷത്തിലേക്ക് കടക്കുകയാണെങ്കില്‍, സുവിശേഷം ആരംഭിക്കുന്നത് തന്നെ    ആദിയിലേ ദൈവത്തോടൊപ്പം ഉണ്ടായിരുന്ന ദൈവം തന്നെയായ വചനമായി യേശുവിനെ അവതരിപ്പിച്ചു കൊണ്ടാണ്. യോഹന്നാന്‍റെ സുവിശേഷത്തില്‍ 10:30 വാക്യത്തില്‍  താനും പിതാവും ഒന്നാണെന്ന്  യേശു പറയുന്നതും കാണാന്‍ സാധിക്കും. അത് പോലെ തന്നെ 14 :16-26 വരെയുള്ള വാക്യങ്ങളില്‍  യേശു ശിഷ്യന്മാരോട്, താന്‍ അയച്ചുകൊടുക്കാന്‍ പോകുന്ന അരൂപിയായ ആശ്വാസദായകനെപ്പറ്റി പറയുന്നു. ഇത് പരിശുധത്മാവ് ആണെന്ന് സ്പഷ്ടം ആണല്ലോ. മത്താ 3:16,17-ല്‍  ക്രിസ്തുവിന്‍റെ സ്നാനത്തെപ്പറ്റി വിവരിച്ചിരിക്കുന്നിടത്  പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില് വരുന്നതും പിതാവിന്‍റെ അശരീരി ശബ്ദവും ഉണ്ടല്ലോ. അതുപോലെ 2 കൊരി.13:14 ലും ത്രിത്വത്തെ   എടുത്തു പറഞ്ഞിരിക്കുന്നത് കാണാന്‍ സാധിക്കാം. ത്രിത്വത്തെ സാധൂകരിക്കാന്‍ ഇനിയും ഒട്ടനവധി ഭാഗങ്ങള്‍ പുതിയനിയമത്തില്‍ തന്നെ ഉണ്ടെങ്കിലും അതിലേക്കു കടക്കാതെ പിതാവിന്റെയും പുത്രന്റെയും പരിശുധത്മാവിന്റെയും ദൈവത്വത്തെ കുറിക്കുന്ന ചില ഭാഗങ്ങള്‍ പരാമര്‍ശിച്ചു കൊണ്ട്  പുതിയ നിയമ ഭാഗം ഇവിടെ അവസാനിപ്പിക്കാം.
പിതാവു ദൈവമാണ് (യോഹ 6:27; റോമ 1:7; 1പത്രോ 1:2). പുത്രന് ദൈവമാണ് (യോഹ 1:1, 14; റോമ 9:5; കൊലോ 2:9; എബ്രാ 1:8; 1 യോഹ 5:20). പരിശുദ്ധാത്മാവ് ദൈവമാണ് (പ്രവ 5:3-4; 1 കൊരി 3:16). നമ്മില് വാസം ചെയ്യുന്ന ദൈവം പരിശുദ്ധാത്മാവാണ് (റോമ 8:9; യോഹ 14:16-17; പ്രവ 2:1-4).

ആദിമ സഭാപിതാക്കന്മാര്‍ എന്താണ് പറയുന്നത്?

അപ്പോസ്തോലന്മാരുടെ കാലഘട്ടത്തിനു ശേഷം പിതാക്കന്മാരായ റോമായിലെ ക്ലെമെന്‍റ്, അന്തോക്യയിലെ ഇഗ്നെഷ്യയസ് മുതലായവര്‍ ത്രിത്വ സങ്കല്പത്തെ ശക്തിയായി തന്നെ പിന്താങ്ങി വന്നവര്‍  ആയിരുന്നു. ക്രൈസ്തവ ദൈവത്വത്തെ വിവരിക്കാനായി   ത്രിത്വം എന്നഗ്രീക്ക്  പദം (trias) ആദ്യമായി ഉപയോഗിച്ചത് AD 180 ല്‍ അന്തോക്യയിലെ തിയോഫിലോസ് ആണെന്ന് വിശ്വസിക്കപെടുന്നു. ലത്തീനില്‍ ത്രിത്വമെന്ന പദം ആദ്യമായി ഉപയോഗിച്ചത് ഉത്തരാഫ്രികയിലെ കാര്‍തെജില്‍ ജീവിച്ചിരുന്ന തെര്‍ത്തുല്യന്‍ ആയിരുന്നു. അത് പോലെ തന്നെ ത്രിത്വസിന്ധാതെ പിന്താങ്ങിയ മറ്റൊരു സഭ ചിന്തകനയിരുന്നു ഒറിഗന്‍.

ത്രിത്വ വിശ്വാസവും സുന്നഹദോസുകളും

ത്രിത്വ സങ്കല്പം രൂപപ്പെടുന്നതില്‍ തുടര്‍ന്ന് വന്ന സുന്നഹദോസുകള്‍ എന്ത് പങ്കു വഹിച്ചു എന്ന് ഇനി പരിശോധിക്കാം. ഇപ്പോഴും നമ്മള്‍ മനസ്സില്‍ കരുതെണ്ടുന്ന കാര്യം ഈ സുന്നഹദോസുകള്‍ എല്ലാം “ത്രിത്വം” എന്ന പദം  രൂപപെടുന്നതിനാണ് സംഭാവനകള്‍ നല്‍കിയിട്ടുള്ളത് എന്നാണ്. അല്ലാതെ ഒരിക്കലും വേദ പുസ്തകത്തില്‍ ഇല്ലാത്ത ഒരു കാര്യത്തെ ക്രൈസ്തവരില്‍ അടിചെല്‍പ്പികുകയിരുന്നു എന്ന് കരുതാന്‍ പാടില്ല.
നിഖ്യ സുന്നഹദോസ്
ത്രിത്വ സങ്കല്‍പം രൂപപ്പെടുന്നതില്‍ നിർണ്ണായകമായ  ഒരു പങ്കു വഹിച്ച ഒരു കാലഘടം ആയിരുന്നു AD 4ആം നൂറ്റാണ്ട്. അറിയൂസ്, യേശുവും പിതവുമായുള്ള ബന്ധത്തെ ചോദ്യം  ചെയ്തതിനെ അലക്സാണ്ട്രിയന്‍ ബിഷപ്‌ ആയിരുന്ന അലക്സാണ്ടര്‍ എതിര്തതയിരുന്നു തുടക്കം. അങ്ങനെനിഖ്യായില്‍ വിളിച്ചു ചേര്‍ത്ത നിഖ്യ സുന്നഹദോസില്‍ വെച്ച് യേശു പിതാവിനോടു കൂടി  ഏക സത്ത (Homoousios) യായിരിക്കുന്ന പുത്രനായ ദൈവമാണെന്ന നിലപാട് അംഗീകരിക്കുകയും ചെയ്തു.
കോണ്‍സ്റ്റാന്‍റ്റിനോപ്പിള്‍ സുന്നഹദോസ്
നിഖ്യായിലെ തീരുമാനങ്ങളിൽ ഉറച്ചു നിന്ന അത്തനാസിയൂസിനു ശേഷം ത്രിത്വവിശ്വാസത്തെ പിന്തങ്ങിയവരില്‍ പ്രമുഖര്‍   കേസറിയായിലെ ബേസില്‍, അദ്ദേഹത്തിന്റെ സഹോദരന്‍  നിസ്സായിലെ ഗ്രിഗറി, അവരുടെ സുഹൃത്തായിരുന്ന നസിയാന്‍സസിലെ ഗ്രിഗറി എന്നിവരുള്പ്പെട്ട കപ്പദോക്കിയന്‍ പിതാക്കന്മാരായിരുന്നു. നിഖ്യായിലെ തീരുമാനങ്ങളെ കൂടുതല്‍  സംസ്കൃതവും നിര്‌വചിതവുമായ  രൂപത്തില്‍ അവതരിപ്പിച്ച് പിന്നീട് പരക്കെ സ്വീകരിക്കപ്പെട്ട ത്രിത്വസങ്കല്പത്തിന് വഴിതുറന്നത് ഇവരാണ്. നിഖ്യാ സൂനഹദോസ് അംഗീകരിച്ച വിശ്വാസപ്രമാണത്തിൽ ത്രിത്വത്തിലെ മൂന്ന് വ്യക്തിത്വങ്ങളും  പരാമര്‍ശിക്കപ്പെട്ടിരുന്നു എങ്കിലും ആളുകള്‍ എന്ന അര്‍ത്ഥത്തില്‍  പിന്നീട് വ്യാപകമായി ഉപയോഗിക്കപ്പെട്ട ഹൈപൊസ്റ്റസസ് (Hypostases) എന്ന ഗ്രീക്ക് പദത്തെ പലരും സത്ത എന്ന അര്‍ഥം വരുന്ന ഔസിയ (Ousia) എന്നതിന്‍റെ പര്യായമായിട്ടാണ് എടുത്തത്. ഈ രണ്ടു വാക്കുകളുടേയും അര്‍ഥം വിശദീകരിച്ചു , ഏകസത്ത പങ്കിടുന്ന മൂന്നാളുകളടങ്ങുന്ന ത്രിത്വം എന്ന സങ്കല്പം ഉറപ്പിച്ചത് കപ്പദോക്കിയന്‍ പിതാക്കന്മാരാണ്.
AD  379-ല്‍  തിയോഡോഷ്യസ് ഒന്നാമന്‍  റോമാ ചക്രവര്‍ത്തിയായി.  അദ്ദേഹം  സഭാ പിതാക്കന്മാരുടെ  ഒരു സമ്മേളനം അദ്ദേഹം AD   381ല്‍ കോണ്‍സ്റ്റാന്‍റ്റിനോപ്പിളില്‍  വിളിച്ചുകൂട്ടി. ആ സുന്നഹദോസില്‍ കൂടുതല്‍ വ്യക്തവും സമഗ്രവുമായ ഒരു വിശ്വാസപ്രമാണം അംഗീകരിച്ചു. ത്രിത്വത്തിലെ ‘ആളുകള്‍’ എന്ന സങ്കല്പത്തിനു അത് പ്രത്യേകം ഊന്നല്‍ നല്‍കി. നിഖ്യ സുന്നഹദോസില്‍ പിതാവിനും പുത്രനും തമിലുള്ള ബന്ധതിനാണ് പ്രാധാന്യം ലഭിച്ചിരുന്നത്. അതായതു ത്രിത്വത്തിലെ മൂന്നാമത്തെ ആളായ പരിശുദ്ധാതമാവിനെ വലിയ പ്രാധാന്യംനല്‍കാതെയാണ് പരാമര്‍ശിച്ചിരുന്നത്. എന്നാല്‍ ഈ സുന്നഹദോസില്‍ വെച്ച്  പരിശുദ്ധാത്മാവിന് തുല്യതയും നല്‍കപ്പെട്ടു.

ഉപസംഹാരം

മുകളില്‍ സൂചിപ്പിച്ചത് പോലെ അപ്രമേയനായ ദൈവത്തെ മാനുഷിക പരിമിതിയുള്ള ഏതു ഉദ്ദാഹരണം കൊണ്ടൂം ചിത്രീകരിക്കുവാന് ഒരിക്കലും സാധിക്കുകയില്ല. ദൈവത്തിന്റെ ആളത്വത്തെ മനസ്സിലാക്കുവാന് ശ്രമിക്കുന്നതിനു പകരം അവന്റെ വലിപ്പവും അവന്റെ മഹത്വവും അവന്റെ സ്നേഹവും മനസ്സിലാക്കുവാനാണ് നാം ശ്രമിക്കേണ്ടത്.

0 comments:

Post a Comment